തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷത്തിന് ഏറ്റുമുട്ടലല്ല, സഹജീവനമാണ് ശാശ്വത പരിഹാരമെന്ന് വനംമന്ത്രി ഷിബു ബേബി ജോണ്‍.
മനുഷ്യ-വന്യജീവി സംഘർഷത്തില്‍ ജീവനും ജീവനോപാധിയും നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം 50 ശതമാനം വർധിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
ജഗതി ജവഹർ സഹകരണ ഭവനില്‍ വനാതിർത്തി പങ്കിടുന്ന തദ്ദേശസ്ഥാപന പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി അധ്യക്ഷത വഹിച്ചു.
വന്യജീവി ഭീഷണി കുറയ്‌ക്കാൻ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്ത കർമപദ്ധതി നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. വനാതിർത്തി മേഖലയിലെ കർഷകരുടെ ഭൂമിയുമായി ബന്ധപ്പെട്ട എൻ.ഒ.സി. മറ്റ് നിയമതടസ്സങ്ങളില്ലെങ്കില്‍ മൂന്ന് മാസത്തിനകം നല്‍കണമെന്നും, മനപ്പൂർവം കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
മനുഷ്യ-വന്യജീവി സംഘർഷത്തില്‍ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കുന്നതിനായി ആഗസ്റ്റില്‍ പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കും. വനാതിർത്തി മേഖലയിലെ ജനങ്ങള്‍ക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയും നടപ്പാക്കും. വനവുമായി ബന്ധപ്പെട്ട ചെറിയ കേസുകള്‍ വേഗത്തില്‍ തീർപ്പാക്കാനും പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.
കാട്ടുപന്നി ശല്യം രൂക്ഷമായ പഞ്ചായത്തുകളില്‍ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് ഹോണററി വൈല്‍ഡ് ലൈഫ് വാർഡൻ പദവി നല്‍കിയിട്ടുണ്ടെന്നും, നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവെക്കാൻ അവർക്ക് അനുമതി നല്‍കാമെന്നും മന്ത്രി വ്യക്തമാക്കി. അംഗീകൃത ഷൂട്ടർമാരുടെ എണ്ണം കുറവാണെങ്കില്‍ റൈഫിള്‍ ക്ലബുകളുടെ സേവനവും ഉപയോഗപ്പെടുത്തും.
സംസ്ഥാനത്തെ വനാതിർത്തി പ്രദേശങ്ങളെ മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ സ്വഭാവം അനുസരിച്ച് 12 ലാൻഡ്സ്കേപ്പുകളായി തിരിച്ചിട്ടുണ്ടെന്നും, ഹോട്ട് സ്പോട്ടുകളില്‍ എ.ഐ. അധിഷ്ഠിത ശബ്ദ-വെളിച്ച പ്രതിരോധ സംവിധാനം, തൂക്കുവേലി, സംരക്ഷണ മതില്‍ എന്നിവ ഉള്‍പ്പെടുന്ന ത്രീ-ടയർ സുരക്ഷാ സംവിധാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കാട്ടാന ശല്യമുള്ള മേഖലകളില്‍ തേനീച്ചക്കൂട് വേലികളും പരീക്ഷിക്കും.
വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്ന പ്രദേശങ്ങളില്‍ ഘട്ടംഘട്ടമായി സോളാർ ഫെൻസിംഗ് പൂർത്തിയാക്കും. വന്യമൃഗങ്ങളെ സുരക്ഷിതമായി കാട്ടിലേക്ക് തിരിച്ചയയ്‌ക്കാൻ 25 പുതിയ റാപ്പിഡ് റെസ്പോണ്‍സ് ടീമുകളും, പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രവർത്തിക്കുന്ന 100 റെസ്ക്യൂ സംഘങ്ങള്‍ക്കായി 500 പേരെയും പുതുതായി നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. ആദിവാസി യുവാക്കള്‍ക്കും ഫോറസ്റ്റ് റാങ്ക് ലിസ്റ്റിലുള്ള അർഹർക്കും നിയമനത്തില്‍ മുൻഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി വിഷയാവതരണം നടത്തി. മുന്നറിയിപ്പ് സംവിധാനങ്ങളില്‍ സാങ്കേതികവിദ്യയുടെ പ്രയോജനം, മാലിന്യസംസ്‌കരണം, അടിക്കാടുകള്‍ നീക്കം ചെയ്യല്‍, ബദല്‍ വരുമാന മാർഗങ്ങള്‍, വനാതിർത്തി പ്രദേശങ്ങളില്‍ നിന്ന് ചക്ക ശേഖരിക്കുന്ന പദ്ധതി ഉള്‍പ്പെടെ 15 പ്രധാന വിഷയങ്ങള്‍ ചർച്ച ചെയ്തു.

