കൊച്ചി: ലഹരിക്കടത്തില്‍ ഞെട്ടിക്കുന്ന പുതിയ രീതി പുറത്തുകൊണ്ടുവന്ന് എക്സൈസ്. മെൻസ്ട്രല്‍ കപ്പിനുള്ളില്‍ എംഡിഎംഎ ഒളിപ്പിച്ച് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലെത്തിച്ച് വില്‍പന നടത്തിയിരുന്ന യുവതിയെയും കൂട്ടാളിയെയും എറണാകുളം എക്സൈസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി മുഹമ്മദ് ഷാഫിയും ആലപ്പുഴ സ്വദേശിനിയായ സരിതയുമാണ് പിടിയിലായത്. ഇവരില്‍ നിന്ന് മൊത്തം 94.032 ഗ്രാം എംഡിഎംഎ, ലഹരിവില്‍പനയില്‍ നിന്ന് ലഭിച്ച 17,770 രൂപ, ഒരു മൊബൈല്‍ ഫോണ്‍ എന്നിവയും പിടിച്ചെടുത്തു.
എറണാകുളത്തെയും ആലപ്പുഴയിലെയും വിവിധ ലോഡ്ജുകളില്‍ മുറിയെടുത്ത് രാസലഹരി വില്‍പന നടത്തുന്നതാണ് ഇരുവരുടെയും രീതിയെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവർ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
പരിശോധന വെട്ടിച്ച് കടക്കാൻ മെൻസ്ട്രല്‍ കപ്പ്
മെൻസ്ട്രല്‍ കപ്പിനുള്ളില്‍ എംഡിഎംഎ നിറച്ച് പശ ഉപയോഗിച്ച് അടച്ചശേഷം അത് സ്വകാര്യഭാഗത്ത് ഒളിപ്പിച്ചാണ് സരിത ലഹരി കടത്തിയിരുന്നത്. ബെംഗളൂരുവില്‍ നിന്ന് ബസില്‍ വരുന്നതിനിടെ കണ്ണൂർ ഇരിട്ടിയില്‍ പരിശോധന നടന്നപ്പോള്‍ മുഹമ്മദ് ഷാഫിയുടെ കൈവശമുണ്ടായിരുന്ന ലഹരി ഉപേക്ഷിച്ചെങ്കിലും, സരിതയുടെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്നതിനാല്‍ പരിശോധനയില്‍ അത് കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ ലഹരിയാണ് പിന്നീട് എറണാകുളത്ത് എത്തിച്ച് വില്‍പനയ്‌ക്ക് ശ്രമിച്ചത്.
ലോഡ്ജില്‍ കാത്തിരുന്ന എക്സൈസ്
എറണാകുളം സൗത്ത് മേഖലയിലെ ഒരു ലോഡ്ജില്‍ നിന്ന് ആദ്യം 65.27 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് ഷാഫിയെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. അതേസമയം, സരിത ആലപ്പുഴയില്‍ ലഹരി വില്‍പനയ്‌ക്കായി പോയിരുന്നതിനാല്‍ ഉദ്യോഗസ്ഥർ ലോഡ്ജില്‍ തന്നെ കാത്തിരുന്നു. രാത്രി 10.30ഓടെ എറണാകുളത്ത് തിരിച്ചെത്തിയ സരിതയെയും അറസ്റ്റ് ചെയ്തു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആലപ്പുഴയിലെ ഒരു വീട്ടില്‍ കൂടുതല്‍ എംഡിഎംഎ സൂക്ഷിച്ചിട്ടുണ്ടെന്ന് സരിത വെളിപ്പെടുത്തിയത്. പ്രതിയെ കൂട്ടിക്കൊണ്ടുപോയ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 28.76 ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തി. ഇതോടെയാണ് പിടിച്ചെടുത്ത ലഹരിയുടെ ആകെ അളവ് 94.032 ഗ്രാമായി ഉയർന്നത്.
ഗ്രാമിന് 4,000 രൂപ നിരക്കില്‍ വില്‍പന
ഗ്രാമിന് ഏകദേശം 4,000 രൂപ നിരക്കിലാണ് ഇവർ എംഡിഎംഎ വിറ്റിരുന്നതെന്ന് എക്സൈസ് കണ്ടെത്തി. സരിത മുമ്പ് ഹോം നഴ്സായും മുഹമ്മദ് ഷാഫി ഇന്റീരിയർ ഡിസൈനറായും ജോലി ചെയ്തിരുന്നവരാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ഇവരില്‍ നിന്ന് എംഡിഎംഎ വാങ്ങിയവരെക്കുറിച്ചും എക്സൈസിന് നിർണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ലഹരി ശൃംഖലയിലെ കൂടുതല്‍ ആളുകളെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

