Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന നേപ്പാളിന് ഇന്ത്യയുടെ കൈത്താങ്ങ്; 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തി; സഹായം തുടരുമെന്ന് ജയശങ്കര്‍

മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന നേപ്പാളിന് ഇന്ത്യയുടെ കൈത്താങ്ങ്; 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തി; സഹായം തുടരുമെന്ന് ജയശങ്കര്‍

കാഠ്മണ്ഡു/ന്യൂഡല്‍ഹി: മിന്നല്‍പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന നേപ്പാളിന് അടിയന്തര സഹായവുമായി ഇന്ത്യ. 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികളും അവശ്യ മരുന്നുകളും ഇന്ത്യ നേപ്പാളിലെത്തിച്ചു.

സഹായസാമഗ്രികള്‍ കാഠ്മണ്ഡുവില്‍ എത്തിയതായും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സഹായം ഒരുക്കുകയാണെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു.

പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ ഇന്ത്യ നേപ്പാളിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷായ്‌ക്ക് ഉറപ്പുനല്‍കി. പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് മോദി അനുശോചനം രേഖപ്പെടുത്തി. സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നല്‍കാന്‍ ഇന്ത്യ സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഇന്ത്യയിലെയും നേപ്പാളിലെയും ഔദ്യോഗിക സംഘങ്ങള്‍ അടുത്ത ഏകോപനത്തോടെ പ്രവര്‍ത്തിച്ചുവരികയാണ്. ഇന്ത്യയുടെ സഹായത്തിന് നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ നന്ദി അറിയിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യ നല്‍കിയ സഹായവാഗ്ദാനം ഇരുരാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദബന്ധത്തിന്റെ പ്രതിഫലനമാണെന്നും അത് നേപ്പാള്‍ ഏറെ വിലമതിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയ്‌ക്ക് പുറമെ നിരവധി ലോകരാജ്യങ്ങളും നേപ്പാളിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നേപ്പാള്‍ ജനതയ്‌ക്കൊപ്പം പ്രാര്‍ഥനയോടെ നിലകൊള്ളുന്നതായും മാനുഷിക സഹായം നല്‍കാന്‍ തയ്യാറാണെന്നും യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ യൂറോപ്യന്‍ യൂണിയനും തയ്യാറാണെന്ന് വ്യക്തമാക്കി. നേപ്പാളിലും ചൈനയിലും ഉണ്ടായ വിനാശകരമായ പ്രളയത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ ഫ്രിഡ്രിച്ച്‌ മെര്‍സ് ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തകര്‍ക്ക് പിന്തുണയും അദ്ദേഹം അറിയിച്ചു.

ദുരന്തബാധിതരെ സഹായിക്കുന്നതിനായി ഐക്യരാഷ്‌ട്രസഭയും നേപ്പാള്‍ സര്‍ക്കാരിനൊപ്പം പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. ദുരന്തത്തിന്റെ വ്യാപ്തി വിലയിരുത്തുന്നതിനും അടിയന്തര സഹായങ്ങള്‍ എത്തിക്കുന്നതിനുമായി യു.എന്‍. സംഘങ്ങള്‍ സജീവമായി രംഗത്തുണ്ടെന്ന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV