ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ഖാര്‍ഗെയുടെ വാക്കുകള്‍ രാഷ്‌ട്രീയ മര്യാദയുടെ എല്ലാ അതിരുകളും ലംഘിക്കുന്നതാണെന്ന് അമിത് ഷാ എക്സില്‍ കുറിച്ചു. പ്രധാനമന്ത്രിയെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന രീതി കോണ്‍ഗ്രസ് ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയെയും കുടുംബത്തെയും കോണ്‍ഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. നേരത്തെ പ്രധാനമന്ത്രിയുടെ മാതാവിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതും നരേന്ദ്ര മോദിയെ 'മരണത്തിന്റെ വ്യാപാരി' എന്ന് വിശേഷിപ്പിച്ചതും 'ചായക്കടക്കാരന്‍' എന്ന് വിളിച്ച് അദ്ദേഹത്തിന്റെ ദാരിദ്ര്യത്തെ പരിഹസിച്ചതും അദ്ദേഹം ഓര്‍മിപ്പിച്ചു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഓരോ ദിവസവും രാഷ്‌ട്രീയ മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുകയാണെന്നും അമിത് ഷാ വിമര്‍ശിച്ചു.
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
കഴിഞ്ഞ 12 വര്‍ഷമായി തുടര്‍ച്ചയായി തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുന്നതിന്റെ നിരാശയിലാണ് കോണ്‍ഗ്രസെന്നും അദ്ദേഹം ആരോപിച്ചു. വ്യക്തമായ നിലപാടുകളോ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ ശക്തമായ വിഷയങ്ങളോ ഇല്ലാത്തതിനാല്‍ അധിക്ഷേപ രാഷ്‌ട്രീയമാണ് പാര്‍ട്ടി ആശ്രയിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. ജനങ്ങള്‍ക്കിടയിലെ സ്വാധീനം നഷ്ടമായ കോണ്‍ഗ്രസിന് സ്വന്തം പ്രവര്‍ത്തകര്‍ക്കിടയില്‍പ്പോലും വിശ്വാസ്യത കുറഞ്ഞുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിക്കോ കുടുംബാംഗങ്ങള്‍ക്കോ എതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമ്പോഴെല്ലാം ജനങ്ങള്‍ കോണ്‍ഗ്രസിന് ശക്തമായ മറുപടി നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഇതിന് ജനങ്ങള്‍ തക്കതായ തിരിച്ചടി നല്‍കുമെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി.

