Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നവീന്‍ ബാബുവിന്റെ മരണം: അന്വേഷിക്കാന്‍ സിബിഐ; നിലവിലെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം

നവീന്‍ ബാബുവിന്റെ മരണം: അന്വേഷിക്കാന്‍ സിബിഐ; നിലവിലെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം

തിരുവനന്തപുരം: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

നീതിപൂര്‍വ്വമായ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ആശ്രിതര്‍ ഉന്നയിച്ച ആവശ്യം മുന്‍നിര്‍ത്തിയാണ് ഈ നീക്കം. നിലവിലെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ഗൂഢാലോചനയെക്കുറിച്ച്‌ കൃത്യമായ കണ്ടെത്തലുകള്‍ നടത്തിയിട്ടില്ലെന്നും കാണിച്ച്‌ കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ട് സങ്കടമുണര്‍ത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കേസ് സിബിഐക്ക് വിടാനുള്ള സുപ്രധാന തീരുമാനം ഭരണകൂടം കൈക്കൊണ്ടത്. പുതിയ മന്ത്രിസഭ അധികാരമേറ്റ ശേഷം സിബിഐക്ക് കൈമാറുന്ന ആദ്യത്തെ കേസ് കൂടിയാണിത്.

നേരത്തെ അധികാരത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ ശക്തമായി എതിര്‍ത്തിരുന്ന ഒരിടത്താണ് ഇപ്പോള്‍ പുതിയ സര്‍ക്കാരിന്റെ ഈ മാറ്റം. വരാനിരിക്കുന്ന കാബിനറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കും. സയന്റിഫിക് രീതിയിലുള്ള സമഗ്രമായ അന്വേഷണം വേണമെന്ന ബന്ധുക്കളുടെ ദീര്‍ഘനാളത്തെ പോരാട്ടത്തിനാണ് ഇതോടെ ഫലം കണ്ടിരിക്കുന്നത്. എന്നാല്‍, കേസിന്റെ നടപടികള്‍ മനഃപൂര്‍വ്വം വൈകിപ്പിക്കാനാണ് കുടുംബം ശ്രമിക്കുന്നതെന്നായിരുന്നു പ്രതിഭാഗത്തിന്റെ മുന്‍പത്തെ വാദം. പുതിയ പ്രഖ്യാപനം വന്നതോടെ കേസില്‍ അനുകൂലമായ വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നവീന്‍ ബാബുവിന്റെ കുടുംബം.

നിലവില്‍ കേസില്‍ ഒരാള്‍ മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടോ എന്ന പരിശോധന. വിവാദ പെട്രോള്‍ പമ്പിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ ആരാണെന്ന് കണ്ടെത്താനും, ലൈസന്‍സ് അപേക്ഷയുമായി ബന്ധപ്പെട്ട് റവന്യൂ ഡിപ്പാര്‍ട്ട്മെന്റിലെ ഫയലുകളില്‍ നിന്ന് അപ്രത്യക്ഷമായ സുപ്രധാന വിവരങ്ങളെക്കുറിച്ച്‌ അന്വേഷിക്കാനും സംസ്ഥാന പൊലീസ് തയ്യാറായിരുന്നില്ല. മുന്‍ ജില്ലാ കളക്ടറുടെ സംശയസ്പദമായ പങ്കിനെക്കുറിച്ചും, ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം എന്നിവ തയ്യാറാക്കിയതിലുണ്ടായ വീഴ്ചകളെക്കുറിച്ചും കേന്ദ്ര ഏജന്‍സി അന്വേഷിച്ചേക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV