Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നേപ്പാള്‍ പ്രളയം: ബിഹാറിലും ഉത്തര്‍പ്രദേശിലും ജാഗ്രത; 9 എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു

നേപ്പാള്‍ പ്രളയം: ബിഹാറിലും ഉത്തര്‍പ്രദേശിലും ജാഗ്രത; 9 എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു

കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി മേഖലകളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കി.

നേപ്പാളില്‍നിന്ന് താഴേക്ക് ഒഴുകിയെത്തുന്ന വെള്ളം ബിഹാറിനെയും ഉത്തര്‍പ്രദേശിനെയും ബാധിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലെയും നദീതട മേഖലകളില്‍ അധികൃതര്‍ നിരീക്ഷണം ശക്തമാക്കി.

അടിയന്തര സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുമായി സംസാരിച്ചു. ആവശ്യമായ എല്ലാ കേന്ദ്രസഹായങ്ങളും ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. സ്ഥിതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിനും വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനം ഉറപ്പാക്കുന്നതിനുമായി ചീഫ് സെക്രട്ടറിയുടെയും ഡിജിപിയുടെയും നേതൃത്വത്തില്‍ ഉന്നതതല സമിതിയും രൂപീകരിച്ചിട്ടുണ്ട്.

പ്രളയസാധ്യത കണക്കിലെടുത്ത് ബിഹാറിലെ പശ്ചിമ ചമ്പാരന്‍ ജില്ലയില്‍ നിരീക്ഷണം ശക്തമാക്കി. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെയും ഗണ്ഡക് നദീതീരങ്ങളിലെയും ഗ്രാമങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് തരണ്‍ജോത് സിങ് നിര്‍ദേശം നല്‍കി. സ്ഥിതിഗതികള്‍ നേരിടുന്നതിനായി പശ്ചിമ ചമ്പാരന്‍, മുസാഫര്‍പുര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഒന്‍പത് എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ അതിര്‍ത്തി ജില്ലകളായ മഹാരാജ്ഗഞ്ച്, കുശിനഗര്‍ എന്നിവിടങ്ങളില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. നേപ്പാളിലെ റസുവയില്‍ ഉണ്ടായ ദുരന്തം ആശങ്കാജനകമാണെന്ന് അദ്ദേഹം വിലയിരുത്തി. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതിനൊപ്പം കുശിനഗറില്‍ ഒരു എന്‍ഡിആര്‍എഫ് സംഘത്തെ മുന്‍കൂട്ടി വിന്യസിക്കുകയും ചെയ്തു.

നേപ്പാളില്‍നിന്ന് ഇന്ത്യയിലേക്ക് ഒഴുകിയെത്തുന്ന നദികളിലെ ജലനിരപ്പ് പെട്ടെന്ന് ഉയരാനുള്ള സാധ്യതയാണ് ബിഹാറിലെയും ഉത്തര്‍പ്രദേശിലെയും ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്. അതിനിടെ, വ്യാജവാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും നദികളുടെയും പുഴകളുടെയും സമീപത്തേക്ക് അനാവശ്യമായി പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഔദ്യോഗിക സംവിധാനങ്ങള്‍ നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV