റിയോ ഡി ജനൈറോ: വരാനിരിക്കുന്ന 2026 ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ ഇടംനേടിയ സൂപ്പര്‍ താരം നെയ്മര്‍ക്ക് വീണ്ടും പരിക്കേറ്റത് ഫുട്‌ബോള്‍ ലോകത്തെ ആശങ്കയിലാക്കുന്നു.
നിലവില്‍ ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസിന് വേണ്ടി കളിക്കുന്നതിനിടെയാണ് മുപ്പത്തിനാലുകാരനായ താരത്തിന്റെ വലതുകാലിലെ പേശികള്‍ക്ക് പരിക്കേറ്റത്. നെയ്മറുടെ വലതുകാലില്‍ ചെറിയ തോതില്‍ നീര്‍ക്കെട്ടുണ്ടെന്ന് സാന്റോസ് ക്ലബ്ബിന്റെ മെഡിക്കല്‍ വിഭാഗം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
2023-ല്‍ കരിയറിനെത്തന്നെ ബാധിച്ച കടുത്ത കാല്‍മുട്ട് പരിക്കില്‍ നിന്ന് നീണ്ട നാളത്തെ ചികിത്സയ്‌ക്ക് ശേഷം മോചിതനായി ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ നെയ്മര്‍ക്ക് പുതിയ പരിക്ക് കനത്ത തിരിച്ചടിയാണ്. പരിക്ക് കാരണം കോപ്പ സുഡാമെറിക്കാനയില്‍ സാന്‍ ലോറെന്‍സോയ്‌ക്കെതിരായ നിര്‍ണായക മത്സരം താരത്തിന് നഷ്ടമായിരുന്നു. വരാനിരിക്കുന്ന ഗ്രെമിയോയുമായുള്ള ലീഗ് പോരാട്ടത്തിലും നെയ്മര്‍ കളിച്ചേക്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
മെയ് 27-ന് ബ്രസീലിന്റെ ലോകകപ്പ് ക്യാമ്പില്‍ ചേരുന്നതിന് മുന്‍പായി പൂര്‍ണ്ണ കായികക്ഷമത തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് താരം. നിലവില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷനിലെയും സാന്റോസിലെയും ഡോക്ടര്‍മാര്‍ സംയുക്തമായാണ് നെയ്മറുടെ ആരോഗ്യനില വിലയിരുത്തുന്നത്. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പരിക്ക് അത്ര ഗുരുതരമല്ലെന്നുമാണ് സാന്റോസ് മെഡിക്കല്‍ ചീഫ് റോഡ്രിഗോ സൊഗെയ്ബ് നല്‍കുന്ന സൂചന.
അടുത്ത ആഴ്ചയോടെ താരം കളംനിറയാന്‍ പൂര്‍ണ്ണ സജ്ജനാകുമെന്നും ലോകകപ്പ് പങ്കാളിത്തത്തിന് തടസ്സമുണ്ടാകില്ലെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ജൂണില്‍ ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ നെയ്മറുടെ ഫിറ്റ്‌നസ് ബ്രസീല്‍ ടീമിന് ഏറെ നിര്‍ണായകമാണ്.

