വഡോദര: സമ്പൂര്‍ണ്ണ മദ്യനിരോധനം നിലവിലുള്ള ഗുജറാത്തില്‍ വ്യവസായ ആവശ്യങ്ങള്‍ക്കുള്ള ഓക്‌സിജന്‍ ടാങ്കറിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന വന്‍ മദ്യശേഖരം പോലീസ് പിടികൂടി.
ഗുജറാത്ത് പോലീസിന്റെ സ്റ്റേറ്റ് മോണിറ്ററിംഗ് സെല്ലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് 28,704 കുപ്പി വിദേശമദ്യവും കാനുകളും പിടിച്ചെടുത്തത്. പിടിച്ചെടുത്ത മദ്യത്തിന് വിപണിയില്‍ ഏകദേശം 64,65,024 രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു.
വഡോദര സിറ്റിയിലെ ഹര്‍ണി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ദേന ചോക്ഡി മുതല്‍ ഗോള്‍ഡന്‍ ചോക്ഡി വരെയുള്ള ഹൈവേയില്‍ വെച്ചാണ് മദ്യക്കടത്ത് സംഘം പിടിയിലാകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വാണിജ്യ ടാങ്കറിന്റെ ഡ്രൈവറായ രാജസ്ഥാനിലെ ജലോര്‍ സ്വദേശി രേഖാറാം മോതാറാം ജാട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് പ്രാദേശിക പോലീസിന് കൈമാറി. മഹാരാഷ്‌ട്രയില്‍ നിന്നും വഡോദരയിലേക്ക് വരികയായിരുന്ന ടാങ്കര്‍ പോലീസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു.
പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാന്‍ അതീവ ജാഗ്രതയോടെയും കൗശലത്തോടെയുമാണ് പ്രതികള്‍ ടാങ്കര്‍ രൂപമാറ്റം വരുത്തിയത്. ഓക്‌സിജന്‍ പോലുള്ള വ്യവസായ വാതകങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങളെ അത്യാവശ്യ സര്‍വീസായി പരിഗണിച്ച് അതിര്‍ത്തികളില്‍ സാധാരണയായി കൂടുതല്‍ പരിശോധനകള്‍ നടത്താറില്ലെന്നത് മുതലെടുത്തായിരുന്നു ഈ നീക്കം.
ടാങ്കറിന്റെ മുന്‍ഭാഗത്തെ അറയില്‍ യഥാര്‍ത്ഥ കംപ്രസ്ഡ് ഗ്യാസ് സിലിണ്ടറുകള്‍ നിറച്ചാണ് ഇവര്‍ യാത്ര ചെയ്തത്. ചെക്ക് പോസ്റ്റുകളില്‍ പോലീസ് വാല്‍വുകള്‍ തുറന്നു നോക്കിയാലോ പ്രഷര്‍ ഗേജുകള്‍ പരിശോധിച്ചാലോ എല്ലാം സാധാരണ രീതിയിലാണെന്ന് തോന്നിപ്പിക്കാനാണ് ഇത്തരത്തില്‍ ചെയ്തത്. എന്നാല്‍, ഈ ഗ്യാസ് സിലിണ്ടറുകള്‍ക്ക് തൊട്ടുപിന്നിലായി നിര്‍മ്മിച്ച അതീവ രഹസ്യമായ മറ്റൊരു അറയ്‌ക്കുള്ളിലാണ് വന്‍ മദ്യശേഖരം ഒളിപ്പിച്ചിരുന്നത്.
മദ്യശേഖരവും കടത്താനുപയോഗിച്ച ടാങ്കറും പൂര്‍ണ്ണമായി കസ്റ്റഡിയിലെടുത്ത പോലീസ്, ഗുജറാത്ത് മദ്യനിരോധന നിയമത്തിലെ 65(A)(E), 81, 83, 98(2), 116(B) ഉള്‍പ്പെടെയുള്ള വിവിധ ഗുരുതര വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ വന്‍ മദ്യക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ടാങ്കര്‍ ഉടമ, മഹാരാഷ്‌ട്രയിലെ പ്രധാന മദ്യ വിതരണക്കാര്‍, വഡോദരയില്‍ ഈ മദ്യം ഏറ്റുവാങ്ങാനിരുന്ന വ്യക്തി എന്നിവരുള്‍പ്പെടെ ഒളിവില്‍ പോയ മറ്റ് നാല് പ്രതികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

