Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഒത്തുകളി ആരോപണം തെളിഞ്ഞു; യു.എസ് ക്രിക്കറ്റ് താരത്തിന് എട്ട് വര്‍ഷത്തെ വിലക്ക്, ഐ.സി.സിയുടെ കടുത്ത നടപടി

ഒത്തുകളി ആരോപണം തെളിഞ്ഞു; യു.എസ് ക്രിക്കറ്റ് താരത്തിന് എട്ട് വര്‍ഷത്തെ വിലക്ക്, ഐ.സി.സിയുടെ കടുത്ത നടപടി

ദുബായ്: ഒത്തുകളി വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതിന് യു.എസ് ക്രിക്കറ്റ് താരം അഖിലേഷ് റെഡ്ഡിക്ക് എട്ട് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി.).

2025 നവംബറില്‍ നടന്ന അബുദാബി ടി10 ലീഗിനിടെ മത്സരക്രമക്കേടിന് ശ്രമിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഐ.സി.സിയുടെ ആന്റി കറപ്ഷന്‍ ട്രൈബ്യൂണല്‍ കടുത്ത നടപടി സ്വീകരിച്ചത്. 2025 നവംബര്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിലക്ക് പ്രകാരം അഖിലേഷ് റെഡ്ഡിക്ക് എട്ട് വര്‍ഷത്തേക്ക് എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവരും.

26-കാരനായ അഖിലേഷ് റെഡ്ഡി മൂന്ന് പ്രധാന അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. അബുദാബി ടി10 ലീഗിലെ മത്സരങ്ങളെ അനധികൃതമായി സ്വാധീനിക്കാനും ഒത്തുകളിക്ക് ശ്രമിക്കാനും ശ്രമിച്ചതാണ് പ്രധാന കുറ്റം. കൂടാതെ മറ്റൊരു താരത്തെ അഴിമതിയില്‍ പങ്കാളിയാക്കാന്‍ പ്രേരിപ്പിക്കാന്‍ ശ്രമിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി.

ഐ.സി.സിയുടെ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ സ്വന്തം മൊബൈല്‍ ഫോണിലുണ്ടായിരുന്ന സന്ദേശങ്ങളും ഡാറ്റയും പൂര്‍ണമായി ഡിലീറ്റ് ചെയ്തതും താരത്തിനെതിരായ ഗുരുതര കുറ്റങ്ങളിലൊന്നായി കണ്ടെത്തി. ഹൈദരാബാദില്‍ ജനിച്ച അഖിലേഷ് റെഡ്ഡി പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയും യു.എസ് ദേശീയ ടീമിനായി നാല് ടി20 അന്താരാഷ്‌ട്ര മത്സരങ്ങളില്‍ കളിക്കുകയും ചെയ്തിട്ടുണ്ട്. അബുദാബി ടി10 ലീഗില്‍ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിനുവേണ്ടി അഴിമതി വിരുദ്ധ നിരീക്ഷണ ചുമതല നിര്‍വഹിച്ചിരുന്നത് ഐ.സി.സിയായിരുന്നു.

ആരോപണങ്ങള്‍ ട്രൈബ്യൂണലില്‍ തെളിഞ്ഞതോടെയാണ് അഖിലേഷ് റെഡ്ഡിക്ക് എട്ട് വര്‍ഷത്തെ വിലക്ക് പ്രഖ്യാപിച്ചത്. ദീര്‍ഘകാല വിലക്ക് താരത്തിന്റെ ക്രിക്കറ്റ് കരിയറിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV