ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാരയില്‍ എട്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടെന്ന തരത്തില്‍ പാകിസ്ഥാന്റെ വ്യാജ പ്രചാരണം തുറന്നു കാട്ടി ഭാരതം.
കൃത്രിമമായി സൃഷ്ടിച്ച ചിത്രങ്ങളും പഴയ ഏറ്റുമുട്ടലുകളുടെ ദൃശ്യങ്ങളും ഉപയോഗിച്ചാണ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതെന്ന് സൈന്യം വ്യക്തമാക്കി.
ജൂലൈ 6-നാണ് കുപ്വാരയില്‍ ഓപ്പറേഷൻ നടത്തിയത്. കെരാൻ സെക്ടറില്‍ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള തെരച്ചിലിലാണ് ഭീകരരുടെ ഒളിത്താവളം തകർത്തത്. ചിനാർ കോർപ്സാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്.
തിരച്ചിലില്‍ അഞ്ച് എകെ-47 റൈഫിളുകള്‍, ഒമ്പത് എകെ മാഗസിനുകള്‍, ഒരു ഹാൻഡ് ഗ്രനേഡ്, വൻതോതിലുള്ള വെടിക്കോപ്പുകള്‍, സ്ഫോടക വസ്തുക്കള്‍, മറ്റ് യുദ്ധോപകരണങ്ങള്‍ എന്നിവ സുരക്ഷാസേന പിടിച്ചെടുത്തു.
ഇന്ത്യൻ സൈന്യത്തിന്റെ ഭീകരവിരുദ്ധ ഓപ്പറേഷന്റെ വിജയത്തെ മറച്ചുവെക്കാനും ആശയക്കുഴപ്പം സൃഷ്ടിക്കാനുമാണ് പാകിസ്ഥാന്റെ വ്യാജ പ്രചാരണമെന്ന് സൈനിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
അതിർത്തി മേഖലയായ കെരാൻ സെക്ടറില്‍ ഭീകര നുഴഞ്ഞുകയറ്റ സാധ്യതകള്‍ കണക്കിലെടുത്ത് ഇന്ത്യൻ സൈന്യവും മറ്റ് സുരക്ഷാസേനകളും നിരീക്ഷണവും തെരച്ചിലും ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ മേഖലയിലുടനീളം തുടരുകയാണെന്നും സൈന്യം അറിയിച്ചു.

