Dailyhunt
പരിസ്ഥിതി സംരക്ഷണത്തിന് പുത്തന്‍ ഉണര്‍വ്; 1,012.95 ഹെക്ടര്‍ ഭൂമിയില്‍ മരങ്ങള്‍ വച്ച്‌ പിടിപ്പിക്കും; ഗഡ്ചിരോളിയില്‍ വന്‍ വനവല്‍ക്കരണ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

പരിസ്ഥിതി സംരക്ഷണത്തിന് പുത്തന്‍ ഉണര്‍വ്; 1,012.95 ഹെക്ടര്‍ ഭൂമിയില്‍ മരങ്ങള്‍ വച്ച്‌ പിടിപ്പിക്കും; ഗഡ്ചിരോളിയില്‍ വന്‍ വനവല്‍ക്കരണ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വ്യാവസായിക പുരോഗതിക്കൊപ്പം പ്രകൃതി സന്തുലനവും ഉറപ്പാക്കുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം വ്യക്തമാക്കുന്ന പുതിയ പദ്ധതിക്ക് അംഗീകാരം.

മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയില്‍ നടപ്പിലാക്കുന്ന ഇരുമ്പയിര് ഖനന പദ്ധതിക്ക് പകരമായി, അതിനേക്കാള്‍ വിപുലമായ രീതിയില്‍ വനം വെച്ചുപിടിപ്പിക്കാനുള്ള ബൃഹദ് പദ്ധതിക്കാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പച്ചക്കൊടി കാട്ടിയത്.

ഗഡ്ചിരോളിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന വനഭൂമിക്ക് പകരമായി, രത്നഗിരി ജില്ലയിലെ ഒമ്പതോളം ഗ്രാമങ്ങളിലായി 1,012.95 ഹെക്ടര്‍ ഭൂമിയിലാണ് പുതിയ വനം വെച്ചുപിടിപ്പിക്കുന്നത്. പ്രകൃതി സംരക്ഷണത്തിന് അതീവ പ്രാധാന്യം നല്‍കുന്ന നയത്തിന്റെ ഭാഗമായാണ് ഖനനം നടത്തുന്നതിനേക്കാള്‍ വലിയ വിസ്തൃതിയില്‍ വനം വച്ചുപിടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

കൊങ്കണ്‍ തീരത്തെ പശ്ചിമഘട്ട മേഖലയോട് ചേര്‍ന്നുള്ള 23 പ്ലോട്ടുകളിലായാണ് വനവല്‍ക്കരണം നടപ്പിലാക്കുന്നത്. ഇത് മേഖലയിലെ ജൈവവൈവിധ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. വന്യജീവികളുടെ സുരക്ഷയ്‌ക്കായി 12.04 കോടി രൂപയുടെ പ്രത്യേക സംരക്ഷണ പദ്ധതിക്കും കേന്ദ്രം അനുമതി നല്‍കി. ഇതില്‍ സിംഹഭാഗവും വന്യജീവി ഇടനാഴികളുടെ സംരക്ഷണത്തിനായി ചെലവഴിക്കും.

കുറഞ്ഞ ഗ്രേഡിലുള്ള ഇരുമ്പയിര് ഖനനം ചെയ്യുന്നതിലൂടെ പ്രകൃതി വിഭവങ്ങളുടെ പരമാവധി വിനിയോഗം ഉറപ്പാക്കുന്നു. ഖനന കേന്ദ്രത്തിന് സമീപം തന്നെ സംസ്‌കരണ പ്ലാന്റുകള്‍ ഉള്ളതിനാല്‍ ഗതാഗത ദൂരം കുറയുകയും കാര്‍ബണ്‍ പുറന്തള്ളല്‍ ഗണ്യമായി കുറയ്‌ക്കാനും സാധിക്കും. ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശമായ ഗഡ്ചിരോളിയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും മേഖലയെ വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനും ഈ പദ്ധതി സഹായിക്കും.

ആദിവാസി സമൂഹങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിച്ചും വില്ലേജ് കൗണ്‍സിലുകളുടെ (ഗ്രാമസഭ) അനുമതിയോടെയും മാത്രമാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. 'വനവല്‍ക്കരണം അതീവ ജാഗ്രതയോടെയും അംഗീകൃത പ്ലാനുകള്‍ അനുസരിച്ചും നടപ്പിലാക്കും. വച്ചുപിടിപ്പിക്കുന്ന വനങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കും,' എന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV