ന്യൂഡല്‍ഹി: പാർലമെന്റിലെ പ്രസംഗത്തില്‍ പുലിവാല് പിടിച്ച് രാഹുലും പ്രിയങ്കയും. മദ്രാസ് ഐഐടി ഡയറക്ടർ വി കാമകോടിയെ ഗോമൂത്ര വിചക്ഷണൻ എന്ന് വിളിച്ചതില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
അടിസ്ഥാന രഹിത പരാമർശം നടത്തിയ രാഹുലിനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി. രാഹുലിന്റെ പദപ്രയോഗങ്ങള്‍ സഭാ മര്യാദയ്‌ക്ക് നിരക്കാത്തതെന്ന് കാട്ടി ബിജെപി എം.പി അനുരാഗ് താക്കൂറാണ് നോട്ടീസ് നല്‍കിയത്. രാഹുലിന്റെ പ്രസംഗത്തിലെ ചില പരാമർശങ്ങള്‍ സഭയുടെ അന്തസ്സിനും ചട്ടങ്ങള്‍ക്കും വിരുദ്ധമാണെന്നും അവ പരിശോധിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രിയങ്കയുടെ പരാമർശത്തിനെതിരെ തുറന്ന കത്തുമായി വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും രംഗത്തെത്തി. ഈ പരാമർശത്തിനെതിരെ രാജ്യത്തെ വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ, മുൻ വൈസ് ചാൻസലർമാർ, പ്രൊഫസർമാർ തുടങ്ങി 215 വിദ്യാഭ്യാസ വിദഗ്ധർ ഒപ്പുവെച്ചതാണ് തുറന്ന കത്ത്. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കുപകരം അക്കാദമിക ആശയങ്ങളെയും ഗവേഷണ നിലപാടുകളെയും യുക്തിസഹമായ സംവാദത്തിലൂടെയാണ് ചോദ്യം ചെയ്യേണ്ടതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു ശാസ്ത്രജ്ഞനെയോ ഗവേഷകനെയോ വ്യക്തിപരമായ വിശേഷണങ്ങള്‍ ഉപയോഗിച്ച് അപമാനിക്കുന്നത് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ശാസ്ത്രീയ മനോഭാവത്തിന് തന്നെ തിരിച്ചടിയാകുമെന്നും കത്തില്‍ പറയുന്നു. വ്യത്യസ്ത ആശയങ്ങളെ മുൻവിധിയില്ലാതെ പരിശോധിക്കുകയും തെളിവുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുകയും ചെയ്യുന്നതാണ് യഥാർഥ ശാസ്ത്രീയ മനോഭാവമെന്നും വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ അഭിപ്രായപ്പെട്ടു.
പത്മ പുരസ്കാര ജേതാവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്നോളജി ഡയറക്ടറുമായ വി. കാമകോടി, നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് കേന്ദ്ര സർക്കാർ രൂപീകരിച്ച ആറംഗ പരീക്ഷാ പരിഷ്‌കരണ ടാസ്‌ക് ഫോഴ്‌സിലെ അംഗമാണ്. പ്രിയങ്കയുടെ പരാമർശം അക്കാദമിക സമൂഹത്തോടുള്ള അനാദരവാണെന്നും തുറന്ന കത്തില്‍ വിമർശിക്കുന്നു.

