മരനെല്ലോ: ഫോര്‍മുല വണ്‍ ലോകത്തെ പ്രമുഖ ടീമായ ഫെരാരി തങ്ങളുടെ സൂപ്പര്‍ ഡ്രൈവര്‍ ചാര്‍ലസ് ലെക്ലറുമായുള്ള കരാര്‍ ദീര്‍ഘകാലത്തേക്ക് പുതുക്കി.
മൊണാക്കോ സ്വദേശിയായ ലെക്ലറുമായി ഒപ്പിട്ട പുതിയ മള്‍ട്ടി-ഇയര്‍ (ബഹുവര്‍ഷ) കരാറിലൂടെ വരും സീസണുകളിലും താരം സ്‌കുഡേറിയ ഫെരാരിയുടെ മുന്‍നിരയില്‍ തന്നെയുണ്ടാകുമെന്ന് ടീം ഉറപ്പാക്കി.
2017-ലെ ഫോര്‍മുല 2 ചാമ്പ്യന്‍ഷിപ്പ് നേട്ടത്തിന് ശേഷം, 2018-ല്‍ സാബറിലൂടെയാണ് ലെക്ലര്‍ എഫ് വണ്ണില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് 2019-ല്‍ ഫെരാരിയിലെത്തിയ താരം ചുരുങ്ങിയ കാലം കൊണ്ട് ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട മുഖമായി മാറി. ഫെരാരിക്കായി ഏറ്റവും കൂടുതല്‍ റേസുകളില്‍ പങ്കെടുത്ത ഡ്രൈവര്‍മാരുടെ പട്ടികയില്‍ ഇതിഹാസ താരം മൈക്കല്‍ ഷൂമാക്കര്‍ക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ലെക്ലര്‍.
2019, 2024 വര്‍ഷങ്ങളില്‍ മോണ്‍സയിലും, 2024-ല്‍ മൊണാക്കോയിലെ തെരുവുകളിലും ലെക്ലര്‍ നേടിയ വിജയങ്ങള്‍ ഫെരാരി ആരാധകര്‍ക്ക് മറക്കാനാവാത്തവയാണ്. 'ഫെരാരിക്കൊപ്പമുള്ള ഈ യാത്ര തുടരുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കുട്ടിക്കാലം മുതല്‍ ഞാന്‍ സ്‌നേഹിച്ചതും ഭാഗമാകാന്‍ സ്വപ്‌നം കണ്ടതുമായ ടീമാണിത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഇത് എന്റെ രണ്ടാം കുടുംബമായി മാറിയിരിക്കുന്നു.
ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം വീണ്ടും മരനെല്ലോയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തിനായി ഞങ്ങള്‍ ഒരുമിച്ച് പോരാടും. ഫെരാരി ഡ്രൈവര്‍ ആയിരിക്കുക എന്നത് ഒരു സ്വപ്‌നമാണ്, അതോടൊപ്പം വലിയൊരു ഉത്തരവാദിത്തവുമാണ്.' 2016-ല്‍ ഫെരാരിയുടെ ഡ്രൈവര്‍ അക്കാദമിയിലൂടെ ആരംഭിച്ച ലെക്ലറുടെ ഒരു പതിറ്റാണ്ടോളമുള്ള ബന്ധമാണ് ഈ പുതിയ കരാറിലൂടെ കൂടുതല്‍ ശക്തമാകുന്നത്.
ഫെരാരിയെ വീണ്ടും ഫോര്‍മുല വണ്ണിന്റെ നെറുകയില്‍ എത്തിക്കാന്‍ കഴിയുമെന്ന താരത്തിന്റെ വിശ്വാസമാണ് ഇതിലൂടെ പ്രകടമാകുന്നത്. ലെക്ലറുടെ സ്വന്തം നാടായ മൊണാക്കോയില്‍ നടക്കാനിരിക്കുന്ന ഗ്രാന്‍ പ്രീക്ക് തൊട്ടുമുമ്പാണ് ഈ കരാര്‍ വാര്‍ത്ത പുറത്തുവരുന്നത്. ഈ സീസണിലെ ആദ്യ മത്സരങ്ങളില്‍ മെഴ്സിഡസ് ആധിപത്യം പുലര്‍ത്തുന്നുണ്ടെങ്കിലും, മൊണാക്കോയിലെ ഇടുങ്ങിയ തെരുവുകളില്‍ ഫെരാരി മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൊണാക്കോ സര്‍ക്യൂട്ടിന്റെ വളവുകളും പ്രത്യേകതകളും ഫെരാരി കാറുകളുടെ സ്വഭാവത്തിന് അനുയോജ്യമാണ്. എഞ്ചിന്റെ കരുത്തിന് അമിത പ്രാധാന്യമില്ലാത്ത ഈ ട്രാക്കില്‍ മെഴ്സിഡസിന്റെ വേഗതയെ മറികടന്ന് വിജയമുറപ്പിക്കാന്‍ ഫെരാരിക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

