Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫിഫ ലോകകപ്പില്‍ വിപ്ലവകരമായ അഞ്ച് പുതിയ പരിഷ്‌കാരങ്ങളുമായി അന്താരാഷ്‌ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ്

ഫിഫ ലോകകപ്പില്‍ വിപ്ലവകരമായ അഞ്ച് പുതിയ പരിഷ്‌കാരങ്ങളുമായി അന്താരാഷ്‌ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ്

ണ്ടന്‍: ഫുട്‌ബോള്‍ മൈതാനങ്ങളില്‍ കളിക്കാര്‍ ബോധപൂര്‍വ്വം സമയം കളയുന്ന പ്രവണതയ്‌ക്ക് തടയിടാന്‍ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് കടുത്ത നടപടികളിലേക്ക്.

ഫുട്‌ബോള്‍ പ്രേമികളെയും കളിക്കാരെയും ഒരുപോലെ അലോസരപ്പെടുത്തുന്ന ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ വര്‍ഷങ്ങളായി അധികൃതര്‍ മന്ദഗതിയിലാണ് നീങ്ങിയിരുന്നതെങ്കില്‍, ഇത്തവണ കളിയിലെ സമയം നഷ്ടപ്പെടുത്തല്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയുള്ള അഞ്ച് പുതിയ നിയമങ്ങളാണ് നടപ്പിലാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ മാമാങ്കത്തിന് തൊട്ടുമുമ്പായി എത്തുന്ന ഈ പരിഷ്‌കാരങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം:

മാറ്റം വരുത്തിയ അഞ്ച് പ്രധാന നിയമങ്ങള്‍
1. ഗോള്‍കീപ്പര്‍മാര്‍ക്ക് 8 സെക്കന്‍ഡ് നിയമം
പുതിയ നിയമപ്രകാരം ഗോള്‍കീപ്പര്‍ക്ക് പെനാല്‍റ്റി ബോക്‌സിനുള്ളില്‍ പന്ത് കയ്യില്‍ വെക്കാവുന്ന പരമാവധി സമയം 8 സെക്കന്‍ഡ് മാത്രമായിരിക്കും. ഇതില്‍ കൂടുതല്‍ സമയം പന്ത് കൈവശം വെച്ചാല്‍ എതിര്‍ ടീമിന് കോര്‍ണര്‍ കിക്ക് അനുവദിക്കും. ആദ്യത്തെ 3 സെക്കന്‍ഡ് റഫറി മനസ്സില്‍ എണ്ണിയ ശേഷം, ബാക്കി 5 സെക്കന്‍ഡ് കൈ ഉയര്‍ത്തി കളിക്കാര്‍ക്ക് കാണാനാകും വിധം വിഷ്വല്‍ കൗണ്ട്ഡൗണ്‍ ആയി കാണിക്കും.

2. ത്രോ-ഇന്നുകള്‍ക്കും ഗോള്‍ കിക്കുകള്‍ക്കും 5 സെക്കന്‍ഡ് കൗണ്ട്ഡൗണ്‍
ത്രോ-ഇന്നുകളോ ഗോള്‍ കിക്കുകളോ എടുക്കാന്‍ കളിക്കാര്‍ മനഃപൂര്‍വ്വം വൈകിച്ചാല്‍ റഫറിമാര്‍ക്ക് 5 സെക്കന്‍ഡ് വിഷ്വല്‍ കൗണ്ട്ഡൗണ്‍ ആരംഭിക്കാം. ഈ സമയത്തിനുള്ളില്‍ കളി പുനരാരംഭിച്ചില്ലെങ്കില്‍ പന്തിന്റെ നിയന്ത്രണം എതിര്‍ ടീമിന് ലഭിക്കും. അതായത്, വൈകിക്കുന്ന ത്രോ-ഇന്നുകള്‍ എതിര്‍ ടീമിന്റെ ത്രോ-ഇന്നായും, ഗോള്‍ കിക്കുകള്‍ എതിര്‍ ടീമിന്റെ കോര്‍ണര്‍ കിക്കായും മാറും.

3. സബ്സ്റ്റിറ്റിയൂഷനുകള്‍ക്ക് സമയപരിധി
പിന്‍വലിക്കപ്പെടുന്ന കളിക്കാരന്‍ സബ്സ്റ്റിറ്റിയൂഷന്‍ സിഗ്‌നല്‍ വന്ന് 10 സെക്കന്‍ഡിനുള്ളില്‍ മൈതാനത്തിന് പുറത്തുപോകണം. ഈ സമയപരിധി ലംഘിച്ചാല്‍, പകരക്കാരനായി വരുന്ന കളിക്കാരന് തൊട്ടടുത്ത കളി തടസ്സപ്പെടുന്നത് വരെയോ അല്ലെങ്കില്‍ കളി തുടങ്ങി ഒരു മിനിറ്റ് പൂര്‍ത്തിയാകുന്നത് വരെയോ ടച്ച്‌ലൈനില്‍ കാത്തുനില്‍ക്കേണ്ടി വരും. അതുവരെ ആ ടീം ഒരു കളിക്കാരന്‍ കുറവോടെ കളിക്കേണ്ടി വരും.

4. പരിക്കേറ്റ കളിക്കാരെ മൈതാനത്തിന് പുറത്ത് പരിശോധിക്കല്‍
മൈതാനത്ത് വെച്ച്‌ പ്രാഥമിക ശുശ്രൂഷ നല്‍കേണ്ടി വരികയോ പരിക്കുമൂലം കളി തടസ്സപ്പെടുകയോ ചെയ്താല്‍, കളി പുനരാരംഭിക്കുമ്പോള്‍ ആ കളിക്കാരന്‍ നിര്‍ബന്ധമായും മൈതാനത്തിന് പുറത്തുപോകണം. പിന്നീട് കുറഞ്ഞത് ഒരു മിനിറ്റ് കഴിഞ്ഞ ശേഷമേ തിരികെ കയറാന്‍ അനുവാദമുള്ളൂ. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ലീഡ് നിലനിര്‍ത്താന്‍ കളിക്കാര്‍ പരിക്കിന്റെ ലേബലില്‍ സമയം കളയുന്നത് തടയാനാണിത്.

5. വിപുലീകരിച്ച വാര്‍ സംവിധാനം
മുമ്പ് നേരിട്ടുള്ള ചുവപ്പ് കാര്‍ഡുകള്‍ മാത്രമാണ് വി.എ.ആര്‍ പരിശോധിച്ചിരുന്നതെങ്കില്‍, ഇനി മുതല്‍ രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് (തുടര്‍ന്ന് ലഭിക്കുന്ന ചുവപ്പ് കാര്‍ഡ്), മാറിപ്പോകുന്ന കളിക്കാരുടെ ഐഡന്റിറ്റി, തെറ്റായി അനുവദിച്ച കോര്‍ണര്‍ കിക്കുകള്‍ എന്നിവയും വാറിന്റെ പരിധിയില്‍ വരും. എന്നാല്‍ കോര്‍ണര്‍ കിക്കുകളുടെ കാര്യത്തില്‍ കളി വൈകിക്കാതെ പെട്ടെന്ന് പരിശോധന പൂര്‍ത്തിയാക്കാന്‍ സാധിക്കുമെങ്കില്‍ മാത്രമേ വാര്‍ ഉപയോഗിക്കാവൂ എന്ന് ഐഎഫ്‌എബി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഈ പുതിയ പരിഷ്‌കാരങ്ങള്‍ കാണുന്നത്ര എളുപ്പത്തില്‍ മൈതാനത്ത് നടപ്പിലാക്കാന്‍ സാധിക്കുമോ എന്നതില്‍ പലര്‍ക്കും സംശയമുണ്ട്. പരിക്കിന്റെ നിയമത്തില്‍ ഗോള്‍കീപ്പര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള ഇളവാണ് പ്രധാന പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സമയം കളയാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ക്ക് ഗോള്‍കീപ്പര്‍ താഴെ വീഴുന്നതിനെ ഇപ്പോഴും ഒരു ആയുധമാക്കാം.

കൂടാതെ, കോര്‍ണറുകളിലേക്കും രണ്ടാമത്തെ മഞ്ഞക്കാര്‍ഡുകളിലേക്കും 'വാര്‍' വ്യാപിപ്പിക്കുന്നത് കളി കൂടുതല്‍ വൈകിക്കാന്‍ കാരണമാകുമെന്നും വിമര്‍ശകര്‍ പറയുന്നു. വ്യക്തമായ പിഴവുകള്‍ പെട്ടെന്ന് തിരുത്താനായിരിക്കണം വാര്‍ ഉപയോഗിക്കേണ്ടതെന്നും, അല്ലാതെ എല്ലാ കാര്യങ്ങളും പരിശോധിക്കാന്‍ നിന്നാല്‍ അത് ഫിഫ ഉദ്ദേശിച്ച വേഗതയ്‌ക്ക് തിരിച്ചടിയാകും എന്നാണ് വിലയിരുത്തല്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV