ന്യൂയോര്‍ക്ക്: 2026 ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ വിജയത്തിന് പിന്നാലെ ഫോക്ലന്‍ഡ് ദ്വീപുകളെക്കുറിച്ചുള്ള രാഷ്‌ട്രീയ ബാനര്‍ ഉയര്‍ത്തിയ അര്‍ജന്റീന താരങ്ങള്‍ക്കെതിരായ വിവാദം കൂടുതല്‍ ശക്തമാകുന്നു.
സംഭവത്തില്‍ ഫിഫ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ടോട്ടനത്തിന്റെ ക്രിസ്റ്റ്യന്‍ റൊമേറോ, ചെല്‍സിയുടെ എന്‍സോ ഫെര്‍ണാണ്ടസ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ലിസാന്‍ഡ്രോ മാര്‍ട്ടിനസ് എന്നിവരാണ് സാധ്യതാപട്ടികയില്‍ ഉള്‍പ്പെടുന്ന പ്രധാന താരങ്ങള്‍. ഇവരുടെ വിസ റദ്ദാക്കുകയാണെങ്കില്‍ അടുത്ത പ്രീമിയര്‍ ലീഗ് സീസണില്‍ കളിക്കാനാകില്ല. അതോടെ ബന്ധപ്പെട്ട ക്ലബ്ബുകള്‍ക്കും വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, ബാനര്‍ ഉയര്‍ത്തിയതിന്റെ പേരില്‍ മാത്രം വിസ റദ്ദാക്കുക നിയമപരമായി എളുപ്പമല്ലെന്നും അന്തിമ തീരുമാനം ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സെമിഫൈനല്‍ വിജയശേഷമുള്ള ആഘോഷത്തിനിടെയാണ് വിവാദത്തിന് തുടക്കമായത്. ഗാലറിയില്‍ നിന്ന് ആരാധകര്‍ കൈമാറിയ 'Las Malvinas Son Argentinas' (ഫോക്ലന്‍ഡ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണ്) എന്നെഴുതിയ ബാനര്‍ മിഡ്ഫീല്‍ഡര്‍ ജിയോവാനി ലോ സെല്‍സോയും പ്രതിരോധതാരം നിക്കോളാസ് ഒട്ടാമെന്‍ഡിയും ഉയര്‍ത്തിക്കാട്ടുകയായിരുന്നു. താരങ്ങള്‍ ഗാലറിയെ അഭിവാദ്യം ചെയ്യുന്ന സമയത്താണ് ഈ ദൃശ്യങ്ങള്‍ ലോകമെമ്പാടും പ്രചരിച്ചത്.
ഫുട്‌ബോള്‍ മത്സരങ്ങളില്‍ രാഷ്‌ട്രീയ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെ ഫിഫയുടെ അച്ചടക്കച്ചട്ടം കര്‍ശനമായി വിലക്കുന്നു. ജേഴ്‌സികളിലോ ബാനറുകളിലോ രാഷ്‌ട്രീയ, മതപര, ആശയപരമായ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിയമലംഘനമാണെന്നും കുറ്റം തെളിഞ്ഞാല്‍ താരങ്ങള്‍ക്കെതിരെ പിഴ, വിലക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാമെന്നും ചട്ടത്തില്‍ വ്യക്തമാക്കുന്നു.
സംഭവത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. രാഷ്‌ട്രീയ മുദ്രാവാക്യം ഉയര്‍ത്തിയ അര്‍ജന്റീനയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബ്രിട്ടീഷ് രാഷ്‌ട്രീയ നേതാക്കളും ഫുട്‌ബോള്‍ ആരാധകരും ഫിഫയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

