Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പിടിയിലായ അഷ്‌കര്‍ കൊടും ക്രിമിനല്‍; ആദ്യ ഭാര്യയായ ആമിനയ്‌ക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം; കോമയിലായ യുവതി സംസാര ശേഷി നഷ്ടപ്പെട്ട അവസ്ഥയില്‍; ഇപ്പോഴും ചികിത്സയില്‍; തെളിവെടുപ്പിനിടെ വന്‍ ജനരോഷം

പിടിയിലായ അഷ്‌കര്‍ കൊടും ക്രിമിനല്‍; ആദ്യ ഭാര്യയായ ആമിനയ്‌ക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം; കോമയിലായ യുവതി സംസാര ശേഷി നഷ്ടപ്പെട്ട അവസ്ഥയില്‍; ഇപ്പോഴും ചികിത്സയില്‍; തെളിവെടുപ്പിനിടെ വന്‍ ജനരോഷം

തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര വയസ്സുകാരനെ അതിക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അഷ്‌കറിന്റെ ഞെട്ടിക്കുന്ന ക്രിമിനല്‍ പശ്ചാത്തലം പുറത്ത്.

പിഞ്ചുകുഞ്ഞിനെ കൊന്ന കേസിലെ അന്വേഷണത്തിനിടയിലാണ്, ആദ്യ ഭാര്യയെ കൊല്ലാക്കൊല ചെയ്ത് മരണക്കിടക്കയിലാക്കിയ ഇയാളുടെ ക്രൂരതകളുടെ വിവരങ്ങള്‍ പുറത്തുവരുന്നത്. നിലവില്‍ ഒന്നര വയസ്സുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെ സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ നാട്ടുകാരുടെ ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധവും കയ്യേറ്റശ്രമവുമുണ്ടായി.

ആദ്യ ഭാര്യയോട് അഷ്‌കര്‍ കാട്ടിയത് സമാനതകളില്ലാത്ത കൊടും ക്രൂരതയാണ്. പാലോട് സ്വദേശിനിയായ ആമിനയെ 2022-ലാണ് അഷ്‌കര്‍ വിവാഹം കഴിക്കുന്നത്. പ്ലസ് ടു പഠനത്തിന് ശേഷം കോളേജില്‍ വിടാന്‍ ഇരുന്ന പെണ്‍കുട്ടിയെ നിര്‍ബന്ധപൂര്‍വ്വം കൂട്ടിക്കൊണ്ടുപോയി നിക്കാഹ് കഴിക്കുകയായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ ആദ്യ ആഴ്ച മുതല്‍ ആമിനയ്‌ക്ക് നേരിടേണ്ടി വന്നത് നരകതുല്യമായ പീഡനങ്ങളാണ്. അഷ്‌കറും ഇയാളുടെ മാതാവും സഹോദരിയും ചേര്‍ന്നായിരുന്നു മര്‍ദ്ദനം.

ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഫാനില്‍ കെട്ടിത്തൂക്കാന്‍ ശ്രമിക്കുക, നിര്‍ബന്ധിച്ച്‌ വിഷം കുടിപ്പിക്കുക, ഓട്ടോറിക്ഷയില്‍ നിന്നും കിണറ്റില്‍ നിന്നും തള്ളിയിട്ട് കൊല്ലാന്‍ നോക്കുക തുടങ്ങിയ അതിക്രമങ്ങളാണ് ആമിനയ്‌ക്ക് നേരെ ഉണ്ടായത്. നിരന്തരമായി ഭിത്തിയില്‍ തലയിടിപ്പിച്ചതിനെ തുടര്‍ന്ന് ആമിനയുടെ തലച്ചോറില്‍ രക്തം കട്ടപിടിക്കുകയും ട്യൂമര്‍ രൂപപ്പെടുകയും ചെയ്തു. 2024-ഓടെ, തന്റെ 18-ാം വയസ്സില്‍ പൂര്‍ണ്ണമായി ശരീരം തളര്‍ന്ന് ആമിന കോമയിലായി.

13 മാസത്തോളം അബോധാവസ്ഥയിലായിരുന്ന യുവതി നിലവില്‍ 21-ാം വയസ്സിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ശാരീരിക പീഡനങ്ങള്‍ പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും മറ്റൊരു വിവാഹം കഴിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടെ ആമിനയുടെ കുടുംബത്തില്‍ നിന്നും 50,000 രൂപ അഷ്‌കര്‍ കൈക്കലാക്കി. ഈ പണം തിരികെ ചോദിച്ചതിന് ആമിനയുടെ അമ്മയെപ്പോലും ആശുപത്രിയില്‍ വെച്ച്‌ ഇയാള്‍ നിലത്തിട്ട് ചവിട്ടി.

പൊലീസില്‍ ആറോളം തവണ പരാതി നല്‍കിയിട്ടും അഷ്‌കറിന് അനുകൂലമായ നിലപാടാണ് നെടുമങ്ങാട് സ്റ്റേഷനില്‍ നിന്നും ഉണ്ടായതെന്ന് ആമിനയുടെ മാതാവ് ഷജീല ബീവി ആരോപിക്കുന്നു. താന്‍ ടാക്‌സി ഡ്രൈവറാണെന്ന് വരുത്തിതീര്‍ത്ത ഇയാള്‍ക്ക് പല നര്‍ത്തകിമാരുമായും ബന്ധമുണ്ടായിരുന്നതായും പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു. ആദ്യ ഭാര്യയെ കിടപ്പിലാക്കിയ ശേഷമാണ് ഒന്നര വയസ്സുകാരനായ കുഞ്ഞിന് നേരെ അഷ്‌കറിന്റെ ക്രൂരത തിരിയുന്നത്. കുട്ടിയെ താന്‍ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട കുഞ്ഞിന്റെ ശരീരമാകെ മര്‍ദ്ദനമേറ്റതിന്റെ ക്രൂരമായ പാടുകളായിരുന്നു. അഷ്‌കര്‍ കുട്ടിയെ ക്രൂരമായി ഉപദ്രവിക്കുന്നത് കണ്ടിരുന്നതായി കുഞ്ഞിന്റെ അമ്മയും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് പ്രതിയുമായി പനവൂര്‍ കരിക്കുഴിയിലെ വീട്ടില്‍ പൊലീസ് തെളിവെടുപ്പിന് എത്തിയപ്പോള്‍ നാട് ഒന്നടങ്കം ഇയാള്‍ക്കെതിരെ തിരിഞ്ഞു. ജനക്കൂട്ടം പ്രതിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെ അതീവ പ്രയാസപ്പെട്ടാണ് പൊലീസ് സംഘം തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV