Dailyhunt
പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു; രാജി അയച്ചത് പ്രത്യേക ദൂതന്‍ വഴി

പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു; രാജി അയച്ചത് പ്രത്യേക ദൂതന്‍ വഴി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം ഊഴം തേടിയിറങ്ങിയ ഇടതുമുന്നണിയെ നിഷ്പ്രഭമാക്കി യുഡിഎഫിന് വന്‍ വിജയം.

104 സീറ്റുകളുടെ കൂറ്റന്‍ ഭൂരിപക്ഷവുമായാണ് ഐക്യജനാധിപത്യ മുന്നണി അധികാരം തിരിച്ചുപിടിച്ചത്. എല്‍ഡിഎഫ് 34 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോള്‍, ചരിത്രത്തിലാദ്യമായി മൂന്ന് സീറ്റുകള്‍ നേടി എന്‍ഡിഎ നിയമസഭയില്‍ സാന്നിധ്യം ശക്തമാക്കി.

തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് (ലോക്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക്) പ്രത്യേക ദൂതന്‍ വഴിയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം അത് നിരസിച്ചു. നാളെ രാജിവെക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. നാളത്തെ മന്ത്രി സഭാ യോഗവും ഉപേക്ഷിച്ചിട്ടുണ്ട്.

ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളില്‍ പോലും യുഡിഎഫ് സുനാമി ആഞ്ഞടിച്ച കാഴ്ചയാണ് വോട്ടെണ്ണലില്‍ കണ്ടത്. ഭരണവിരുദ്ധ തരംഗത്തില്‍ ഒട്ടുമിക്ക മന്ത്രിമാരും പരാജയപ്പെട്ടു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് പോലും പതര്‍ച്ച പ്രകടമായിരുന്നു. ആദ്യ ആറ് റൗണ്ടുകളിലും പിന്നിലായിരുന്ന മുഖ്യമന്ത്രി, വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തിലാണ് ലീഡ് പിടിച്ചതും കഷ്ടിച്ച്‌ വിജയിച്ചു കയറിയതും. വോട്ടുനില ഒറ്റനോട്ടത്തില്‍; യുഡിഎഫ്: 104, എല്‍ഡിഎഫ്: 34, എന്‍ഡിഎ: 03

സംസ്ഥാനത്തെ രാഷ്‌ട്രീയ ചരിത്രത്തില്‍ തന്നെ വഴിത്തിരിവാകുന്ന ഈ ഫലം, വികസന മുരടിപ്പിനും അഴിമതിക്കുമെതിരെയുള്ള ജനവിധിയാണെന്ന് യുഡിഎഫ് നേതൃത്വം പ്രതികരിച്ചു. അതേസമയം, ജനവിധി വിനയപൂര്‍വ്വം അംഗീകരിക്കുന്നുവെന്നും പരാജയകാരണങ്ങള്‍ പരിശോധിക്കുമെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV