കൂറ്റനാട്: അച്ഛനോടൊപ്പം യാത്ര ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി വാഹനത്തിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് വീണ ബാലന്‍ സ്വന്തം വാഹനത്തിന്റെ ചക്രം കയറി മരിച്ചു.
പാലക്കാട് ചാലിശ്ശേരി ആലിക്കര സ്വദേശി പുത്തന്‍പീടികയില്‍ ഹനീഫയുടെ മകന്‍ മുഹമ്മദ് ഹൈസിന്‍ (6) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം.
ഹനീഫ ഓടിച്ചിരുന്ന ഗുഡ്സ് ഓട്ടോറിക്ഷയില്‍ പിതാവിനൊപ്പം മുന്‍വശത്തെ സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ഹൈസിന്‍. യാത്രയ്‌ക്കിടെ പെട്ടെന്ന് വാഹനത്തിന്റെ ഡോര്‍ തുറന്ന് കുട്ടി റോഡിലേക്ക് തെറിച്ചുവീണു. താഴെ വീണ മകനെ ഉടന്‍ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ഹനീഫ ശ്രമിച്ചുവെങ്കിലും അതിനു മുന്‍പേ വാഹനത്തിന്റെ പിന്‍ചക്രം കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഹൈസിനെ ഉടന്‍ തന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഹസീനയാണ് മരിച്ച കുട്ടിയുടെ മാതാവ്. ഹിസാന, ഹസ്‌ന എന്നിവര്‍ സഹോദരിമാരാണ്.

