തൃശൂര്‍: പോലീസിന്റെ അടിയന്തര സഹായ നമ്പറായ 112-ലേക്ക് വിളിച്ച് വ്യാജ സന്ദേശം നല്‍കിയ യുവാവിനെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.
തളിക്കുളം പത്താംകല്ല് വയല്‍ പാലം സ്വദേശി പണിക്കവീട്ടില്‍ ഷാഹിദ് (36) ആണ് പിടിയിലായത്. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് തുണയാകേണ്ട പോലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
കഴിഞ്ഞ ദിവസം ഇയാള്‍ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് അടിയന്തര സഹായം വേണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്ന് വാടാനപ്പള്ളി പോലീസ് തിരികെ ബന്ധപ്പെട്ടപ്പോള്‍ ലഹരിക്ക് അടിമപ്പെട്ട നിലയിലായിരുന്ന ഇയാള്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചു. പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ഷാഹിദ് മനഃപൂര്‍വ്വം ഉദ്യോഗസ്ഥരെ കബളിപ്പിക്കാന്‍ വിളിച്ചതാണെന്ന് വ്യക്തമായത്. അറസ്റ്റിലായ ഷാഹിദ് നിസ്സാരക്കാരനല്ലെന്ന് പോലീസ് അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി പതിനൊന്നോളം ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.
വാടാനപ്പള്ളി, വലപ്പാട്, തൃശൂര്‍ ഈസ്റ്റ്, വാളയാര്‍ സ്റ്റേഷനുകളിലായി 20.5 കിലോ കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയാണ്. ആറോളം അടിപിടിക്കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍: മുന്‍പും പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിനും ഇയാള്‍ പിടിയിലായിട്ടുണ്ട്. അനാവശ്യ കോളുകള്‍ വഴി പോലീസ് സേനയുടെ സമയം നഷ്ടപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

