Dailyhunt
പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍

പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍

കൊച്ചി: ഏത് കഠിനമായ പീഡാനുഭവങ്ങള്‍ക്കും വേദനകള്‍ക്കും ശേഷം ഒരു ഉയിർത്തെഴുന്നേല്‍പ്പുണ്ടെന്നുള്ള സന്ദേശവുമായി ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു.

ഉയിർത്തെഴുന്നേല്‍പ്പിന്റെ സ്മരണയില്‍ വിവിധ ദേവാലയങ്ങളില്‍ അർധരാത്രിയില്‍ ഈസ്റ്റർ ശുശ്രൂഷകള്‍ നടന്നു. പതിനായിരക്കണക്കിന് വിശ്വാസികള്‍ ദേവാലയങ്ങളിലെ പ്രാർഥനകളില്‍ പങ്കാളികളായി.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ഈസ്റ്റർശുശ്രൂഷകള്‍ക്ക് ലിയോ പതിനാലാമൻ മാർപ്പാപ്പ നേതൃത്വം നല്‍കി.
മാർപ്പാപ്പ തന്റെ ഈസ്റ്റർദിന സന്ദേശത്തില്‍ യുദ്ധസാഹചര്യത്തിനെതിരെ സന്ദേശം നല്‍കി. ലോകത്ത് വർധിച്ചുവരുന്ന യുദ്ധങ്ങളിലും അനീതികളിലും തളർന്നുപോകാതെ സമാധാനത്തിനായി നിലകൊള്ളണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഈസ്റ്റർ വിദ്വേഷത്തെ പുറത്താക്കുകയും ഐക്യത്തെ വളർത്തുകയുംചെയ്യുന്നു. സമാധാനത്തിന്റെയും ഐക്യത്തിന്റെയും ഈസ്റ്റർ സന്ദേശം ലോകമാകെ വ്യാപിപ്പിക്കാൻ വിശുദ്ധരുടെ സമർപ്പണം മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവർക്കും ഈസ്റ്റർ ആശംസകള്‍ നേർന്നു. തന്റെ എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്
'ഈസ്റ്റർ ആശംസകള്‍. ഈ പുണ്യദിനം പ്രത്യാശയുടെയും നവീകരണത്തിന്റെയും ആഘോഷമാണ്. എല്ലാവരുടെയും ജീവിതത്തില്‍ സമാധാനവും സന്തോഷവും പ്രകാശവും കൊണ്ടുവരട്ടെ. യേശുക്രിസ്തുവിന്റെ ഉദ്ബോധനങ്ങള്‍ എല്ലാവരെയും ദയയുള്ളവരായിരിക്കാനും സമൂഹത്തില്‍ ഒരുമയുടെ ആത്മാവിനെ ശക്തിപ്പെടുത്താനും പ്രചോദിപ്പിക്കട്ടെ'.പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു.

ക്രിസ്തുവിന്റെ ഉയിർപ്പ്, ഇരുളിനുമേല്‍ വെളിച്ചവും മരണത്തിനുമേല്‍ ജീവനും നേടിയ വിജയത്തിന്റെ അടയാളമാണെന്ന് യാക്കോബായസഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ തന്റെ സന്ദേശത്തില്‍ പറഞ്ഞു. ഈസ്റ്റർ കേവലം ഒരു ചടങ്ങല്ല, മറിച്ച്‌ പുതുജീവന്റെ വാഗ്ദാനമാണ് എന്നുമദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

മാനവചരിത്രത്തെ പ്രകാശത്തിലേക്കും നിത്യജീവനിലേക്കും നയിച്ച വിപ്ലവകരമായ സംഭവമാണ് മിശിഹായുടെ ഉത്ഥാനം. ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലും അടിസ്ഥാനവും ഈ ഉത്ഥാനരഹസ്യമാണെന്ന് സിറോ മലബാർസഭ മേജർ ആർച്ച്‌ ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍ ഈസ്റ്റർ സന്ദേശത്തില്‍ അനുസ്മരിച്ചു.

ഈസ്റ്ററിന്റെ സന്ദേശം നമ്മെ പ്രത്യാശയോടെ മുന്നോട്ടുനയിക്കുന്നുവെന്ന് കെ.സി.ബി.സി. മരണത്തെ ജയിച്ച്‌ ഉയിർത്തെഴുന്നേറ്റ ക്രിസ്തു ലോകത്തിന് പ്രത്യാശയും സമാധാനവും പുതുജീവനും പകരുന്ന അനുഭവമാണ്. ഇരുട്ടിനെ മറികടന്ന് പ്രകാശത്തില്‍ വ്യാപരിക്കുന്ന ജീവിതത്തിന്റെ സന്ദേശമാണ് ഈസ്റ്റർ സമ്മാനിക്കുന്നത്. ജീവിതത്തില്‍ സമാധാനപൂരിതമായ പുതിയ പ്രഭാതത്തിനായി പ്രത്യാശാനിർഭരരായിരിക്കാൻ നമുക്കു സാധിക്കട്ടെയെന്ന് കെ.സി.ബി.സി. ഔദ്യോഗിക വക്താവ് ഫാ. തോമസ് തറയില്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV