Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രിയദര്‍ശിനി വിവാദം; 'പാഠം പഠിച്ചു, ഇനി പ്രസംഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കും' - മന്ത്രി സി.പി. ജോണ്‍

പ്രിയദര്‍ശിനി വിവാദം; 'പാഠം പഠിച്ചു, ഇനി പ്രസംഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കും' - മന്ത്രി സി.പി. ജോണ്‍

പാലക്കാട്: കെഎസ്‌ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ചുള്ള പ്രസംഗം വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ഗതാഗതമന്ത്രി സി.പി.

ജോണ്‍. പ്രസംഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന പാഠമാണ് ഈ വിവാദത്തിലൂടെ പഠിച്ചതെന്നും, ഇനി കൂടുതല്‍ ജാഗ്രതയോടെയാകും സംസാരിക്കുകയെന്നും മന്ത്രി പറഞ്ഞു.

'പ്രസംഗിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം എന്ന കാര്യമാണ് ഞാൻ ഈ വിവാദത്തിലൂടെ പഠിച്ചത്. ഞാൻ തെറ്റായ പരാമർശമൊന്നും നടത്തിയിട്ടില്ല. പണ്ടത്തെപ്പോലെ കൂളായി പ്രസംഗിക്കരുത് എന്നൊരു പാഠമാണ് ഇതില്‍നിന്ന് ലഭിച്ചത്. എല്ലാവരും ഞാൻ പറയുന്നത് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അതുകൊണ്ട് ഇനി കൂടുതല്‍ ശ്രദ്ധയോടെ സംസാരിക്കും,' മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി വിവാദത്തിലായത്. പണം ഇല്ലാത്ത ട്രാൻസ്‌പോർട്ട് ബസുകളില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്നും, എന്നാല്‍ മക്കളെ സ്വകാര്യ സ്‌കൂളുകളില്‍ ചേർക്കുന്നുവെന്നും, അസുഖം വന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ പോകാതെ സർക്കാർ ആശുപത്രികളെയാണ് ആശ്രയിക്കുന്നതെന്നും മന്ത്രി പറഞ്ഞത് വലിയ വിമർശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

വിവാദം ശക്തമായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്ന് മന്ത്രി വിശദീകരിച്ചു. തൊഴിലാളിവർഗത്തിന്റെ ആഗ്രഹങ്ങളും ജീവിത യാഥാർഥ്യങ്ങളും മനസ്സിലാക്കുന്നതില്‍ താനടക്കമുള്ള രാഷ്‌ട്രീയ നേതൃത്വം പരാജയപ്പെട്ടുവെന്ന സ്വയം വിമർശനമാണ് താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭിക്കുന്നത് അവരുടെ അവകാശമാണെന്നും, സർക്കാർ അത് തുടർന്നും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്‌ക്കുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാലാണ് സാധാരണക്കാർ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്. അതേസമയം, മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹത്താലാണ് സ്വകാര്യ സ്‌കൂളുകളില്‍ ചേർക്കുന്നതെന്നും അതാണ് തന്റെ പരാമർശത്തിന്റെ യഥാർത്ഥ അർത്ഥമെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയില്‍ നിന്ന് സർക്കാർ ഒരു ഇഞ്ച് പോലും പിന്നോട്ടില്ലെന്നും മന്ത്രി സി.പി. ജോണ്‍ ആവർത്തിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV