മലപ്പുറം: കിണര്‍ വൃത്തിയാക്കുന്നതിനിടെ കയര്‍ പൊട്ടി താഴേക്ക് വീണ തൊഴിലാളിയെ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തു.
പുലാമന്തോള്‍ ചേലാര്‍കുന്ന് സ്വദേശി ചന്ദ്രനാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ സൈനുദ്ദീന്‍ എന്നയാളുടെ വീട്ടിലായിരുന്നു സംഭവം.
ഏകദേശം 20 അടി ആഴമുള്ള കിണറിലേക്ക് ഇറങ്ങുന്നതിനിടെയാണ് ചന്ദ്രന്‍ പിടിച്ചിരുന്ന കയര്‍ പൊട്ടിയത്. നിയന്ത്രണം വിട്ട് കിണറിന്റെ അടിത്തട്ടിലെ പാറക്കെട്ടിലേക്കാണ് ചന്ദ്രന്‍ വീണത്. വീഴ്ചയുടെ ആഘാതത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ പുറത്തെടുക്കുക ദുഷ്‌കരമായിരുന്നു. ഉടന്‍ തന്നെ പെരിന്തല്‍മണ്ണയില്‍ നിന്ന് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി.
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ.ടി. രാജേഷ്, എം. കിഷോര്‍ എന്നിവര്‍ കിണറ്റിലിറങ്ങിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പരിക്കേറ്റ ചന്ദ്രനെ കൂടുതല്‍ വേദനപ്പിക്കാതെ സ്‌റ്റൈന്‍ ബോര്‍ഡില്‍ സുരക്ഷിതമായി ബന്ധിപ്പിച്ചു. തുടര്‍ന്ന് റോപ്പുകളുടെ സഹായത്തോടെ അതീവ ജാഗ്രതയോടെയാണ് ഇദ്ദേഹത്തെ കിണറിന് മുകളില്‍ എത്തിച്ചത്.
ഉടന്‍ തന്നെ ചന്ദ്രനെ വിദഗ്ധ ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് മാറ്റി. നട്ടെല്ലിന് പൊട്ടലുള്ളതിനാല്‍ ചന്ദ്രന്‍ നിലവില്‍ നിരീക്ഷണത്തിലാണ്. കൃത്യസമയത്ത് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയ അഗ്‌നിരക്ഷാ സേനയുടെ നടപടിയെ നാട്ടുകാര്‍ അഭിനന്ദിച്ചു.

