Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പുറത്ത് 25 രൂപ, തിയറ്ററില്‍ 250 രൂപ; പോപ്‌കോണിന് കൊള്ളവില, 'ചായ കുടിക്കാൻ ലോണ്‍ എടുക്കേണ്ട സ്ഥിതി': മേയര്‍ വി.വി. രാജേഷ്

പുറത്ത് 25 രൂപ, തിയറ്ററില്‍ 250 രൂപ; പോപ്‌കോണിന് കൊള്ളവില, 'ചായ കുടിക്കാൻ ലോണ്‍ എടുക്കേണ്ട സ്ഥിതി': മേയര്‍ വി.വി. രാജേഷ്

തിരുവനന്തപുരം: സിനിമ കാണാൻ തിയറ്ററിലെത്തുന്ന പ്രേക്ഷകരെ കാത്തിരിക്കുന്നത് സിനിമയുടെ ടിക്കറ്റിനേക്കാള്‍ വലിയ 'ചെലവ്'!

തിയറ്ററുകളില്‍ ആഹാരസാധനങ്ങള്‍ക്ക് ഈടാക്കുന്ന അമിതവിലയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി തിരുവനന്തപുരം മേയർ വി.വി. രാജേഷ്. പുറത്തു 25 രൂപയ്‌ക്ക് ലഭിക്കുന്ന പോപ്‌കോണിന് തിയറ്ററുകളില്‍ 250 രൂപ വരെ ഈടാക്കുന്ന സാഹചര്യമാണുള്ളതെന്ന് മേയർ ചൂണ്ടിക്കാട്ടി.

തിയറ്ററില്‍ കയറി ഒരു ചായ കുടിക്കണമെങ്കില്‍ പോലും ലോണ്‍ എടുക്കേണ്ട അവസ്ഥയാണെന്നായിരുന്നു വി.വി. രാജേഷിന്റെ പരിഹാസം. സിനിമ കാണാനെത്തുന്ന സാധാരണ കുടുംബങ്ങള്‍ക്ക് തിയറ്ററുകളിലെ ഭക്ഷണവില വലിയ അധിക സാമ്പത്തിക ബാധ്യതയായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേകിച്ച്‌ കൊച്ചുകുട്ടികളുമായി സിനിമയ്‌ക്കെത്തുന്ന രക്ഷിതാക്കളാണ് അമിതവിലയുടെ പ്രധാന ഇരകളെന്നും മേയർ ചൂണ്ടിക്കാട്ടി. 1,000 രൂപ നല്‍കിയാല്‍ മാത്രമേ കുട്ടികള്‍ക്ക് ആവശ്യമായ പോപ്‌കോണ്‍ ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങള്‍ വാങ്ങാൻ കഴിയൂ എന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാഹചര്യം ഒട്ടും ആരോഗ്യകരമായ പ്രവണതയല്ലെന്നും മേയർ വ്യക്തമാക്കി.

തിയറ്ററുകളില്‍ വില്‍ക്കുന്ന ഭക്ഷണസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനുള്ള നേരിട്ടുള്ള അധികാരം തിരുവനന്തപുരം കോർപ്പറേഷനില്ല. അതിനാല്‍ വിഷയം ലീഗല്‍ മെട്രോളജിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് കോർപ്പറേഷന്റെ തീരുമാനം. അമിതവില ഈടാക്കുന്നതിനെതിരെ ബന്ധപ്പെട്ട വകുപ്പുകള്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്നും മേയർ ആവശ്യപ്പെട്ടു.

വിലനിർണയം കോർപ്പറേഷന്റെ അധികാരപരിധിയില്‍ വരാത്ത വിഷയമാണെങ്കിലും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ രാഷ്‌ട്രീയ പ്രവർത്തകർ എന്ന നിലയില്‍ കൃത്യമായ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും വി.വി. രാജേഷ് പറഞ്ഞു. തിയറ്ററുകളിലെ ഭക്ഷണവില നിയന്ത്രിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികള്‍ അടിയന്തരമായി ഇടപെടണമെന്നും വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV