Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രാജിവെച്ചെന്ന് പരിശീലകന്‍; അംഗീകരിക്കില്ലെന്ന് പ്രസിഡന്റ്, ഫെനര്‍ബാഷെയില്‍ നാടകീയ നീക്കം

രാജിവെച്ചെന്ന് പരിശീലകന്‍; അംഗീകരിക്കില്ലെന്ന് പ്രസിഡന്റ്, ഫെനര്‍ബാഷെയില്‍ നാടകീയ നീക്കം

റോമയ്‌ക്കെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന് പിന്നാലെ രാജി പ്രഖ്യാപിച്ച്‌ ഫെനര്‍ബാഷെ പരിശീലകന്‍ ഇസ്മായില്‍ കാര്‍ട്ടാല്‍.

എന്നാല്‍ പരിശീലകന്റെ രാജി അംഗീകരിക്കില്ലെന്ന് ക്ലബ് പ്രസിഡന്റ് അസീസ് യില്‍ദിരിം വ്യക്തമാക്കി. കാര്‍ട്ടാല്‍ തന്നെയാണ് ഇപ്പോഴും ഫെനര്‍ബാഷെയുടെ പരിശീലകനെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചു. റോമയ്‌ക്കെതിരായ മത്സരം 1-1ന് സമനിലയില്‍ അവസാനിച്ചതിന് പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് 65കാരനായ കാര്‍ട്ടാല്‍ രാജി പ്രഖ്യാപിച്ചത്. ജൂണിലാണ് നാലാം തവണ ഫെനര്‍ബാഷെയുടെ പരിശീലക സ്ഥാനത്ത് കാര്‍ട്ടാല്‍ തിരിച്ചെത്തിയത്. 18 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ക്ലബ് ചാമ്പ്യന്‍സ് ലീഗിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു നിയമനം.

മൂന്ന് മാസമായി ടീമിനൊപ്പമുണ്ടെന്നും താരങ്ങള്‍ക്കൊപ്പമുള്ള പരിശീലനവും ക്യാമ്പുകളും മികച്ച അനുഭവമായിരുന്നെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് കാര്‍ട്ടാല്‍ പറഞ്ഞു. ക്ലബിനും താരങ്ങള്‍ക്കും ഭാവിയിലെ പരിശീലകര്‍ക്കും സഹായകരമാകുന്നതിനാണ് സ്ഥാനമൊഴിയുന്നതെന്നും ഇനി പരിശീലക സ്ഥാനത്തേക്ക് തിരിച്ചുവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാര്‍ട്ടാലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രസിഡന്റ് അസീസ് യില്‍ദിരിം രംഗത്തെത്തി. രാജി അംഗീകരിക്കില്ലെന്നും കാര്‍ട്ടാല്‍ തന്നെ പരിശീലക സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

റോമയ്‌ക്കെതിരായ മത്സരത്തിനിടെ കാണികളില്‍ ഒരാള്‍ കാര്‍ട്ടാലിന് നേരെ കുപ്പി എറിഞ്ഞ സംഭവവും കടുത്ത സമ്മര്‍ദ്ദവുമാണ് രാജിക്ക് കാരണമായി പരിശീലകന്‍ ചൂണ്ടിക്കാട്ടിയതെന്ന് യില്‍ദിരിം പറഞ്ഞു. കുപ്പിയെറിഞ്ഞ കാണിയെ തിരിച്ചറിഞ്ഞതായും സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയതായും ക്ലബ് അറിയിച്ചു.

കാര്‍ട്ടാല്‍ രാജിവെച്ചെന്ന വാര്‍ത്ത ടീമിലെ താരങ്ങളെയും അമ്പരപ്പിച്ചു. റോമയ്‌ക്കെതിരായ മത്സരത്തില്‍ രണ്ടാം പകുതിയില്‍ ഫെനര്‍ബാഷെയുടെ സമനില ഗോള്‍ നേടിയ ആര്‍ച്ചി ബ്രൗണിന് പോലും പരിശീലകന്റെ രാജി അറിയില്ലായിരുന്നു. പരിശീലകന്‍ രാജിവെച്ചെന്ന വിവരം മത്സരശേഷമാണ് അറിഞ്ഞതെന്നും കാര്‍ട്ടാല്‍ ഇനി ടീമിനൊപ്പമില്ലേയെന്നും തനിക്ക് അറിയില്ലായിരുന്നുവെന്നും ബ്രൗണ്‍ പ്രതികരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV