ന്യൂഡല്‍ഹി: രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യമായത് ഭാരത ജനാധിപത്യത്തിലെ സുവര്‍ണ്ണ ചരിത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇത് വെറുമൊരു വൈകാരിക തരംഗമല്ലെന്നും മറിച്ച് ഇന്ത്യയുടെ വികസനം ലക്ഷ്യമിട്ട് ജനങ്ങള്‍ കൈക്കൊണ്ട സുചിന്തിതമായ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യം പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍ കോണ്‍ഗ്രസ് വിനാശകരമായ രാഷ്‌ട്രീയമാണ് പിന്തുടരുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. രാജ്യം മുഴുവന്‍ കമ്മ്യൂണിസത്തെ നിരാകരിക്കുമ്പോള്‍ കോണ്‍ഗ്രസ് അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് നിര്‍ഭാഗ്യകരമാണ്. രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മാവോയിസ്റ്റ്-കമ്മ്യൂണിസ്റ്റ് ശക്തികളെ കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍, അര്‍ബന്‍ നക്‌സലുകള്‍ക്ക് സംരക്ഷണം നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
ഭാഷയുടെയും ഭക്ഷണത്തിന്റെയും പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ബംഗാളിലും തമിഴ്നാട്ടിലും കേരളത്തിലും ചിലര്‍ ശ്രമിച്ചത്. എന്നാല്‍ വിഭജനമല്ല, വികാസമാണ് വേണ്ടതെന്ന് ജനങ്ങള്‍ മറുപടി നല്‍കി. വനിതാ സംവരണ ബില്ലിനോട് പ്രതിപക്ഷം കാണിച്ച സമീപനത്തിന് വോട്ടര്‍മാര്‍ തക്കതായ മറുപടി നല്‍കിയെന്ന് മോദി പറഞ്ഞു. ബംഗാളിലെ സ്ത്രീകള്‍ ടിഎംസിക്ക് ശിക്ഷ നല്‍കി കഴിഞ്ഞു. തമിഴ്നാട്ടിലും സമാനമായ മാറ്റം പ്രകടമാണ്.
വരുന്ന തിരഞ്ഞെടുപ്പുകളില്‍ കേരളത്തിലെ യുഡിഎഫിനെയും ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടിയെയും സ്ത്രീകള്‍ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്‌ട്രീയമായ വിയോജിപ്പുകള്‍ നിലനില്‍ക്കുമ്പോഴും കേരളം, ബംഗാള്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുമായി വികസന കാര്യങ്ങളില്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. പ്രാദേശിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊണ്ട് ദേശീയ വികാരം ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ഭാരതീയതയുടെ വളര്‍ച്ചയാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയമെന്നും അദ്ദേഹം വിശദീകരിച്ചു.

