Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി; തുരുത്തില്‍ കുടുങ്ങിയ യുവാവിന് സ്വന്തം ലൈഫ് ജാക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ ദുരന്തം

രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി; തുരുത്തില്‍ കുടുങ്ങിയ യുവാവിന് സ്വന്തം ലൈഫ് ജാക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ ദുരന്തം

ണ്ണൂർ: കനത്ത മഴയ്‌ക്കിടെ ചെറുപുഴ പുളിങ്ങോം മീന്തുള്ളി തുരുത്തില്‍ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള സ്വദേശി രാജേഷ് (37)ന്റെ മൃതദേഹം കണ്ടെത്തി.

തേജസ്വിനി പുഴയ്‌ക്ക് നടുവിലുള്ള തുരുത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

തുരുത്തില്‍ ഒറ്റപ്പെട്ടുപോയ ബെന്നിയെ രക്ഷപ്പെടുത്തുന്നതിനായി സ്വന്തം ലൈഫ് ജാക്കറ്റ് ഊരി നല്‍കി രാജേഷ് തിരിച്ചുപുഴ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മീന്തുള്ളി വെള്ളച്ചാട്ടത്തിലെ പരിശീലകനായിരുന്ന രാജേഷ്, കയറില്‍ പിടിച്ചായിരുന്നു പുഴ മുറിച്ചുകടക്കാൻ ശ്രമിച്ചത്. എന്നാല്‍ കയറില്‍ നിന്ന് പിടിവിട്ട് ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. തുടർന്ന് നീന്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മുങ്ങിപ്പോയി. തണുത്ത വെള്ളത്തില്‍ ശരീരം കോച്ചിപ്പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

സാഹസിക പ്രവർത്തനങ്ങളോട് അതിയായ താല്‍പര്യമുണ്ടായിരുന്ന രാജേഷ് മുൻപ് വയനാട്ടിലും രക്ഷാപ്രവർത്തനങ്ങളില്‍ പങ്കെടുത്തിരുന്നു. അഡ്വഞ്ചർ ഡിസാസ്റ്റർ സൊസൈറ്റി അംഗമായിരുന്ന അദ്ദേഹം ഒരു മാസം മുൻപാണ് പരിശീലനത്തിനായി കണ്ണൂരിലെത്തിയത്.

രാജേഷ് ദേശീയ ത്രോബോള്‍ ടീമിലെ അംഗവുമായിരുന്നു. രണ്ടുവർഷം മുൻപ് ഇളയ സഹോദരൻ രഞ്ജിത്ത് ട്രെയിനില്‍ നിന്ന് വീണ് മരിച്ചിരുന്നു.

കല്ലിയൂർ കിഴക്കേ തെറ്റിവിള രാജേഷ് ഭവനില്‍ രാജശേഖരന്റെയും ഗീതയുടെയും മകനാണ് രാജേഷ്. ഭാര്യ ഷാഫിയ. മക്കള്‍ ആർഷൻ, അഭിഷേക്. സഹോദരി ആശ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV