ജീവിതപങ്കാളിയുമൊത്തുള്ള ആദ്യയാത്ര ഇൻസ്റ്റാഗ്രാം ഫ്രെയിമുകളെപ്പോലും വെല്ലുന്ന അത്രയും മനോഹരവും ആഡംബരപൂർണ്ണവുമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ?
എങ്കില്‍ രാജസ്ഥാനിലെ ഉദയ്പൂറിലേക്ക് വണ്ടി കയറാം. 'സിറ്റി ഓഫ് ലേക്സ്' എന്നറിയപ്പെടുന്ന ഉദയ്പൂർ, പൗരാണിക കോട്ടകളുടെയും ശാന്തമായ തടാകങ്ങളുടെയും പശ്ചാത്തലത്തില്‍ പ്രണയിക്കാൻ പറ്റിയ ഇന്ത്യയിലെ ഏറ്റവും മികച്ച റൊമാന്റിക് സ്വർഗ്ഗമാണ്.
ഉദയ്പൂരിലെ പ്രണയത്തിന്റെ ഹൃദയമിടിപ്പ് അവിടുത്തെ ശാന്തമായ തടാകങ്ങളാണ്. പിച്ചോള തടാകത്തിലൂടെ പങ്കാളിയുടെ കൈകള്‍ ചേർത്തുപിടിച്ച് ഒരു വൈകുന്നേരം ബോട്ട് യാത്ര നടത്തുന്നത് ആലോചിച്ചുനോക്കൂ. അസ്തമയ സൂര്യന്റെ സ്വർണ്ണരശ്മികള്‍ തടാകത്തിലെ ഓളങ്ങളില്‍ തട്ടി തിളങ്ങുമ്പോള്‍, പശ്ചാത്തലത്തില്‍ തലയുയർത്തി നില്‍ക്കുന്ന കോട്ടകളും കൊട്ടാരങ്ങളും നിങ്ങളുടെ ഹണിമൂണ്‍ ചിത്രങ്ങള്‍ക്ക് ഏറ്റവും മനോഹരമായ പശ്ചാത്തലമൊരുക്കും. തടാകക്കരയിലുള്ള റൂഫ്‌ടോപ്പ് റെസ്റ്റോറന്റുകളില്‍ ഇരുന്നുള്ള ഡിന്നറും, തടാകത്തില്‍ തെളിയുന്ന കൊട്ടാരങ്ങളുടെ പ്രകാശവും രാത്രികളെ കൂടുതല്‍ റൊമാന്റിക്കാക്കും.
വെറുമൊരു കാഴ്ചയ്‌ക്കപ്പുറം രാജകീയമായ ഒരു അനുഭൂതിയാണ് ഉദയ്പൂർ നല്‍കുന്നത്. സിറ്റി പാലസിന്റെ അതിമനോഹരമായ വാസ്തുവിദ്യയും, കണ്ണാടിച്ചില്ലുകള്‍ പതിപ്പിച്ച കൊത്തുപണികളും നിങ്ങളെ മറ്റൊരു കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും. വൈകുന്നേരങ്ങളില്‍ കൊട്ടാരങ്ങളില്‍ നടക്കുന്ന പരമ്പരാഗത രാജസ്ഥാനി നൃത്തങ്ങളും സംഗീതവും യാത്രയുടെ മാറ്റുകൂട്ടും. പൗരാണികതയും ആധുനിക ആഡംബരങ്ങളും ഒത്തുചേരുന്ന ഇവിടുത്തെ ഹെറിറ്റേജ് റിസോർട്ടുകളിലെ താമസം, നിങ്ങളെ ഒരു രാജാവിനെയും രാജ്ഞിയെയും പോലെ തോന്നിപ്പിക്കും എന്നതില്‍ സംശയമില്ല.
ഓരോ കോണിലും പ്രണയവും ആഡംബരവും മാത്രം നിറച്ചുവെച്ചിരിക്കുന്ന ഉദയ്പൂർ, നിങ്ങളുടെ ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കാൻ പറ്റിയ ഏറ്റവും മനോഹരമായ 'Aesthetic' ഹണിമൂണ്‍ ഡെസ്റ്റിനേഷനാണ്.

