Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
റീച്ചാര്‍ജ് ചെയ്യാന്‍ ചോദിച്ച തുകയില്‍ 200 രൂപ കുറഞ്ഞു; എലിവിഷം കഴിച്ച്‌ ചികിത്സയിലായിരുന്ന 18 കാരി മരിച്ചു; കാസര്‍ഗോഡിനെ കണ്ണീരിലാഴ്‌ത്തി ആമിന നൂസയുടെ മരണം

റീച്ചാര്‍ജ് ചെയ്യാന്‍ ചോദിച്ച തുകയില്‍ 200 രൂപ കുറഞ്ഞു; എലിവിഷം കഴിച്ച്‌ ചികിത്സയിലായിരുന്ന 18 കാരി മരിച്ചു; കാസര്‍ഗോഡിനെ കണ്ണീരിലാഴ്‌ത്തി ആമിന നൂസയുടെ മരണം

കാസർഗോഡ്: മൊബൈല്‍ ഫോണ്‍ റീച്ചാർജിനായി ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറവായതിനെ തുടർന്നുണ്ടായ മനോവിഷമത്തില്‍ എലിവിഷം കഴിച്ച 18-കാരി ചികിത്സയിലിരിക്കെ മരിച്ചു.

കാസർഗോഡ് സ്വദേശിനിയായ ആമിന നൂസയാണ് (18) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ജൂണ്‍ 25-നാണ് ആമിന വിഷം കഴിച്ചത്.

പിതാവിനോട് ഏറെ അടുപ്പം പുലർത്തിയിരുന്ന ആമിന, ഫോണ്‍ റീച്ചാർജിനായി 1,500 രൂപ ആവശ്യപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ അന്ന് പിതാവിന്റെ കൈവശം 1,300 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ബാക്കി 200 രൂപ അടുത്ത ദിവസം നല്‍കാമെന്ന് പറഞ്ഞ് കൈവശമുണ്ടായിരുന്ന തുക മകള്‍ക്ക് കൈമാറുകയായിരുന്നു.

ഇതിന് പിന്നാലെ ക്ലാസിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ആമിന വഴിയരികിലെ കടയില്‍ നിന്ന് എലിവിഷം വാങ്ങിയെന്നാണ് വിവരം. തുടർന്ന് തളങ്കര മാലിക് ദിനാർ പള്ളിക്ക് സമീപത്തെ സ്കൂള്‍ ഗ്രൗണ്ടില്‍വെച്ച്‌ വിഷം കഴിച്ച ശേഷം പതിവുപോലെ ബസ് സ്റ്റാൻഡിന് സമീപത്തെ ഇൻസ്റ്റിറ്റ്യൂട്ടില്‍ ക്ലാസില്‍ പങ്കെടുക്കുകയും ചെയ്തു.

ഉച്ചയോടെ ക്ലാസ് മുറിയില്‍ ശാരീരിക അസ്വസ്ഥതയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് സഹപാഠികള്‍ കാസർഗോഡിലെ ആശുപത്രിയിലെത്തിച്ചു. ചികിത്സയ്‌ക്കിടെയാണ് താൻ വിഷം കഴിച്ച വിവരം ആമിന ഡോക്ടർമാരോട് അറിയിച്ചത്.

സിങ്ക് ഫോസ്ഫൈഡ് അടങ്ങിയ മാരകവിഷമാണ് ശരീരത്തില്‍ പ്രവേശിച്ചതെന്ന് വ്യക്തമായതോടെ വിദഗ്ധ ചികിത്സയ്‌ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ദിവസങ്ങളോളം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ മറ്റ് കാരണങ്ങളോ സാഹചര്യങ്ങളോ ഉണ്ടായിരുന്നോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. നിലവില്‍ മറ്റ് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.

ശ്രദ്ധിക്കുക: മാനസിക പിരിമുറുക്കങ്ങള്‍ക്കോ വിഷാദരോഗങ്ങള്‍ക്കോ അടിമപ്പെടുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. അതിജീവിക്കാന്‍ മനസ്സ് കാണിച്ചാല്‍ ഏത് പ്രതിസന്ധിയും മറികടക്കാം. സഹായത്തിനായി മാനസികാരോഗ്യ വിദഗ്‌ദ്ധരുടെ സേവനം തേടുക. സംസ്ഥാന സര്‍ക്കാരിന്റെ ദിശ ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍: 1056 (ടോള്‍ ഫ്രീ), 0471-2552056

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV