Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്'; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്'; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

മുംബൈ: സിംബാബ്വെക്കെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു സാംസണിനെ ഒഴിവാക്കിയതില്‍ കടുത്ത വിമര്‍ശനവുമായി പ്രമുഖ ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ.

സഞ്ജുവിനെ 'വിശ്രമം അനുവദിച്ചതാണ്' എന്ന വിശദീകരണം താന്‍ വിശ്വസിക്കുന്നില്ലെന്നും, യഥാര്‍ഥത്തില്‍ താരത്തെ ടീമില്‍ നിന്ന് പുറത്താക്കിയതാണെന്നും ഭോഗ്ലെ പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു ഭോഗ്ലെയുടെ പ്രതികരണം.

ക്രിക്കറ്റില്‍ 'റസ്റ്റഡ്' എന്ന വാക്കിന്റെ യഥാര്‍ഥ അര്‍ഥം തനിക്ക് നന്നായി അറിയാമെന്നും, അസ്വസ്ഥതയുണ്ടാക്കുന്ന ഒരു തീരുമാനത്തെ മൃദുവായി അവതരിപ്പിക്കാനുള്ള പദം മാത്രമാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു. 'സഞ്ജുവിനെ വിശ്രമിപ്പിച്ചതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അദ്ദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്. 'റസ്റ്റഡ്' എന്നത് സത്യം മറച്ചുവെക്കാന്‍ ഉപയോഗിക്കുന്ന ഒരു വാക്കാണ്. അങ്ങനെയാണെങ്കില്‍ ആദ്യം ചോദിക്കേണ്ടത്, വിശ്രമിക്കണമെന്ന് സഞ്ജു തന്നെയാണോ ആവശ്യപ്പെട്ടത് എന്നതാണ്,' ഭോഗ്ലെ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മൂന്ന് മോശം ഇന്നിങ്സുകളുടെ പേരില്‍ ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റിനെ പുറത്താക്കുന്നത് ശരിയല്ലെന്നും ഭോഗ്ലെ അഭിപ്രായപ്പെട്ടു. 'മൂന്ന് ഇന്നിങ്സുകള്‍ മാത്രം. അതില്‍ രണ്ടെണ്ണം പരിചയമില്ലാത്ത സാഹചര്യങ്ങളിലായിരുന്നു. ഇത്രകൊണ്ട് ഒരു ലോകകപ്പ് ഹീറോയെ ഒഴിവാക്കുന്നത് എന്ത് സന്ദേശമാണ് ടീമിലെ മറ്റുള്ളവര്‍ക്ക് നല്‍കുന്നത്?' അദ്ദേഹം ചോദിച്ചു. സഞ്ജുവിനെ ഒഴിവാക്കാനുള്ള കാരണം തുറന്ന് പറയാന്‍ സെലക്ടര്‍മാര്‍ തയ്യാറാകണമെന്നും ഭോഗ്ലെ ആവശ്യപ്പെട്ടു.

'ഒന്നോ രണ്ടോ മൂന്നോ കാരണങ്ങള്‍ പറഞ്ഞ് സഞ്ജുവിനെ ഡ്രോപ്പ് ചെയ്തുവെന്ന് തുറന്ന് പറഞ്ഞാല്‍ എനിക്ക് ഒരു പ്രശ്‌നവുമില്ലായിരുന്നു. പക്ഷേ 'റസ്റ്റഡ്' എന്ന് പറഞ്ഞ് യാഥാര്‍ഥ്യം മറയ്‌ക്കേണ്ട ആവശ്യമില്ല,' അദ്ദേഹം പറഞ്ഞു. മികച്ച താരങ്ങള്‍ക്ക് തുടര്‍ച്ചയായി പിന്തുണ നല്‍കുന്ന സമീപനമാണ് കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ഇന്ത്യന്‍ ടീം പിന്തുടര്‍ന്നിരുന്നതെന്ന് ചൂണ്ടിക്കാട്ടിയ ഭോഗ്ലെ, സഞ്ജുവിനെ പുറത്താക്കിയത് ടീമിലെ മറ്റെല്ലാ താരങ്ങള്‍ക്കും തെറ്റായ സന്ദേശം നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കി.

'ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റിനെ പോലും മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം പുറത്താക്കുന്നുണ്ടെങ്കില്‍, നാളെ രണ്ട് മോശം മത്സരങ്ങള്‍ കളിച്ചാല്‍ എന്റെ ഊഴമാണോ എന്ന് ഓരോ താരവും ചിന്തിക്കും. ഇത് ടീമില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കും. ഒരു ടീമിന് വേണ്ട അവസാന കാര്യമാണ് അത്,' ഭോഗ്ലെ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ സഞ്ജുവിന് പകരം അരങ്ങേറ്റം കുറിച്ച 15-കാരനായ വൈഭവ് സൂര്യവംശിയെ സിംബാബ്വെ പര്യടനത്തിനുള്ള ടീമില്‍ നിലനിര്‍ത്തിയതും ചര്‍ച്ചയാകുകയാണ്.

ആദ്യ മത്സരത്തില്‍ 14 റണ്‍സ് മാത്രമാണ് താരം നേടിയത്. അതേസമയം, സഞ്ജു സാംസണ്‍ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യന്‍ ടി20 ടീമിലെ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച്‌ ആശങ്കകള്‍ ശക്തമാകുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV