Dailyhunt
സെനിക മേധാവി സ്ഥാനത്തുനിന്ന് ഉടന്‍ വിരമിക്കണം; കരസേനാ മേധാവി ജനറല്‍ റാന്‍ഡി ജോര്‍ജിനെ സ്ഥാനത്തുനിന്ന് നീക്കി അമേരിക്ക; മാറ്റിയത് കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെ

സെനിക മേധാവി സ്ഥാനത്തുനിന്ന് ഉടന്‍ വിരമിക്കണം; കരസേനാ മേധാവി ജനറല്‍ റാന്‍ഡി ജോര്‍ജിനെ സ്ഥാനത്തുനിന്ന് നീക്കി അമേരിക്ക; മാറ്റിയത് കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെ

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ ഇറാനുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, യുഎസ് കരസേനാ മേധാവി ജനറല്‍ റാന്‍ഡി ജോര്‍ജിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്ത് യുഎസ്.

അദ്ദേഹത്തെ നീക്കം ചെയ്തതായി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണ് ഇക്കാര്യം അറിയിച്ചത്.

പുതിയ നയരൂപീകരണത്തിന്റെ ഭാഗമായി സൈനിക നേതൃത്വത്തില്‍ അടിയന്തര മാറ്റം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. സൈനിക മേധാവി സ്ഥാനത്തുനിന്ന് ഉടന്‍ വിരമിക്കണമെന്ന് സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ ഹെഗ്‌സെത്ത് റാന്‍ഡിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ നീക്കുകയായിരുന്നു.

2023-ല്‍ ചുമതലയേറ്റ റാന്‍ഡി ജോര്‍ജിന് കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് ഭരണകൂടത്തിന്റെ ഈ സുപ്രധാന തീരുമാനം. സൈനിക നീക്കങ്ങളില്‍ കൂടുതല്‍ വ്യക്തതയും വേഗതയും കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സൈനിക നേതൃത്വത്തില്‍ മാത്രമല്ല, ഭരണകൂടത്തിന്റെ വിവിധ തട്ടുകളില്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍, സൈനിക സെക്രട്ടറി ഡാനിയല്‍ ഡ്രിസ്‌കോള്‍, തൊഴില്‍ മന്ത്രി ലോറി ഷാവേസ് ഡെറെമര്‍ തുടങ്ങിയ പ്രമുഖരെ മാറ്റിക്കൊണ്ട് ഭരണകൂടം പുതിയൊരു ശൈലി സ്വീകരിക്കാന്‍ ഒരുങ്ങുന്നതായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രസംഗത്തിന് മുന്നോടിയായി പശ്ചിമേഷ്യയില്‍ ഇറാന്‍ വലിയ തോതിലുള്ള പ്രകോപനങ്ങളാണ് സൃഷ്ടിക്കുന്നത്. ഇസ്രായേലിലെ ടെല്‍ അവീവ് മുതല്‍ ദുബായ്, ദോഹ എന്നിവിടങ്ങളില്‍ വരെ ഇറാന്റെ മിസൈല്‍ ഭീഷണിയെത്തുടര്‍ന്ന് സൈറണുകള്‍ മുഴങ്ങി. ഇസ്രായേലിന് നേരെ ഇറാന്‍ തുടര്‍ച്ചയായ മിസൈല്‍ വര്‍ഷം നടത്തി. അബുദാബിയിലെ ഖലീഫ തുറമുഖത്തും സൗദി അറേബ്യയുടെ കിഴക്കന്‍ മേഖലകളിലും ആക്രമണശ്രമങ്ങള്‍ ഉണ്ടായി. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ തന്ത്രപ്രധാനമായ മേഖലകള്‍ ലക്ഷ്യമിടുമെന്ന് ഇറാന്‍ സേന ഭീഷണി മുഴക്കിയിട്ടുണ്ട്.

സഖ്യകക്ഷികള്‍ക്ക് നേരെയുള്ള ഇത്തരം വെല്ലുവിളികളെ നേരിടാന്‍ കൂടുതല്‍ കരുത്തുറ്റ പ്രതിരോധ നിരയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഷിങ്ടണിലെ പുതിയ മാറ്റങ്ങളെ നിരീക്ഷകര്‍ കാണുന്നത്. സാഹചര്യം വിലയിരുത്തി വരികയാണെന്ന് പെന്റഗണ്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV