തിരുവനന്തപുരം : ശബരിമലയിലെ ആചാര സംരക്ഷണ പ്രക്ഷോഭത്തില്‍ പങ്കെടുത്തവർക്കെതിരെ ചുമത്തിയ കേസുകള്‍ പിൻവലിക്കാത്ത പിണറായി സർക്കാരിനെ വിശ്വാസികള്‍ക്ക് വിശ്വാസമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ശബരിമല യുവതി പ്രവേശനത്തില്‍ യു ടേണ്‍ അടിച്ച സര്‍ക്കാര്‍ ശബരിമല പ്രക്ഷോഭ സമയത്ത് ഭക്തരുടെ പേരിലെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറാവണം.
ശബരിമലയിലെ ആചാരഅനുഷ്ഠാനങ്ങളും സംസ്‌കാരവും തീരുമാനിക്കേണ്ടത് തന്ത്രിയാണെന്നും അതില്‍ ഇടപെടാന്‍ മാറ്റാര്‍ക്കും അവകാശമില്ലന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡ് വഴി സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ എത്രയോ പേര്‍ക്കെതിരെയുള്ള കേസുകള്‍ ഇന്നും നിലനില്‍ക്കുന്നു. നിങ്ങള്‍ക്ക് അന്ന് ചെയ്ത തെറ്റ് പരിഹരിക്കാന്‍ ഒരു അവസരമാണിത്, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ശബരിമല വിഷയത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ , 2018 മുതല്‍ 2020 വരെയുള്ള നിലപാട് എന്തായിരുന്നു എന്ന് ഓര്‍ക്കണം. യുവതീപ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മൗനം പാലിച്ച് സിപിഎമ്മിന്റെ നിലപാടിന് പിന്തുണ കൊടുത്തവരാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
തന്ത്രിയെ ജയിലിലടയക്കണം, ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന പി എസ് ശ്രീധരന്‍ പിള്ളയെ ജയിലിലയക്കണം എന്ന് ആവശ്യപ്പെട്ട പാർട്ടിയാണ് കോണ്‍ഗ്രസ്. ഇന്ന് ആ കോണ്‍ഗ്രസ് പാര്‍ട്ടി ശബരിമലയെ കുറിച്ച് വാചാലമാവുമ്പോള്‍, രാഹുല്‍ ഗാന്ധി ഇവിടെ വന്ന് ശബരിമലയെ കുറിച്ച് സംസാരിക്കുമ്പോള്‍ അത് ഒരു ഇരട്ടത്താപ്പ് മാത്രമല്ല, ജനങ്ങളെ വിഡ്ഢികളായി കാണുന്ന രാഷ്‌ട്രീയം കൂടിയാണെന്ന് വ്യക്തമാവുന്നു.
ശബരിമല വിശ്വാസികളെയും, സംസ്‌കാരത്തെയും സംരക്ഷിക്കാനും, അവിടുത്തെ കൊള്ളക്കാരെ തുറന്ന് കാണിക്കാനും ശക്തമായ നിലപാട് സ്വീകരിച്ചത് ബിജെപിമാത്രമാണ്. ശബരിമല വിശ്വാസികളെ ഉപദ്രവിച്ചത് ആരായിരുന്നു എന്നും സിപിഎം വിശ്വാസികളെ ഉപദ്രവിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ നിലപാട് എന്തായിരുന്നു എന്നും ഓരോ മലയാളിയും ഓര്‍മ്മിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തില്‍ അഡ്വ എസ് സുരേഷ്, മേയർ വി വി രാജേഷ് എന്നിവർ പങ്കെടുത്തു.

