Dailyhunt
ശബരിമല യുവതി പ്രവേശനം: സുപ്രീംകോടതിയില്‍ നിര്‍ണ്ണായക വാദം നാളെ മുതല്‍; ഒമ്പതംഗ ബെഞ്ച് വാദം കേള്‍ക്കും

ശബരിമല യുവതി പ്രവേശനം: സുപ്രീംകോടതിയില്‍ നിര്‍ണ്ണായക വാദം നാളെ മുതല്‍; ഒമ്പതംഗ ബെഞ്ച് വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപ്പരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ മുതല്‍ വാദം കേട്ടുതുടങ്ങും.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ വിപുലമായ ഭരണഘടനാ ബെഞ്ചാണ് ഈ നിര്‍ണ്ണായക കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് ബി.വി. നാഗരത്‌നയാണ് ബെഞ്ചിലെ ഏക വനിതാ സാന്നിധ്യം.

കോടതി നിശ്ചയിച്ച ക്രമമനുസരിച്ച്‌, ആദ്യ മൂന്ന് ദിവസങ്ങളില്‍ യുവതി പ്രവേശനത്തെ എതിര്‍ക്കുന്ന കക്ഷികളുടെ വാദങ്ങളാണ് കോടതി കേള്‍ക്കുക. തുടര്‍ന്ന് ഏപ്രില്‍ 14, 15, 16 തീയതികളിലായി യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവര്‍ക്ക് തങ്ങളുടെ നിലപാടുകള്‍ വിശദീകരിക്കാന്‍ അവസരം ലഭിക്കും. വിവിധ സംഘടനകളും വ്യക്തികളും സമര്‍പ്പിച്ച നൂറിലധികം ഹര്‍ജികളാണ് ബെഞ്ചിന് മുന്നിലുള്ളത്.

അതേസമയം, ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ തങ്ങളുടെ മുന്‍നിലപാടില്‍ നിന്നും പിന്നോട്ട് പോയി 'യുടേണ്‍' അടിച്ചിരിക്കുകയാണ്. യുവതി പ്രവേശനത്തെ മുന്‍പ് ശക്തമായി അനുകൂലിച്ചിരുന്ന സര്‍ക്കാര്‍, വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് മുന്‍പ് വിപുലമായ ചര്‍ച്ചകള്‍ അനിവാര്യമാണെന്ന പുതിയ നിലപാടാണ് ഇപ്പോള്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. മതപണ്ഡിതന്മാരും സാമൂഹിക പരിഷ്‌കര്‍ത്താക്കളും ഉള്‍പ്പെടുന്ന ഒരു പ്രത്യേക സമിതി രൂപീകരിച്ച്‌ വിഷയത്തില്‍ വിശദമായ അഭിപ്രായം തേടണം എന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ആവശ്യം.

സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ളവരുമായി വിപുലമായ സംവാദങ്ങള്‍ നടത്തിയ ശേഷമേ അന്തിമ തീരുമാനം എടുക്കാവൂ എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുകയാണ്. വിശ്വാസങ്ങളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ തിടുക്കത്തിലുള്ള തീരുമാനങ്ങള്‍ പാടില്ലെന്നാണ് ഇപ്പോര്‍ സര്‍ക്കാരിന്റെ വാദം. മുന്‍പ് സുപ്രീം കോടതി വിധിയെ നടപ്പിലാക്കാന്‍ ആവേശം കാണിച്ചിരുന്ന സര്‍ക്കാര്‍, സ്വയം വെളിപ്പെച്ചെടുക്കാനും, ഭൂരിപക്ഷ സമൂഹത്തെ അല്ലെങ്കില്‍ വിശ്വാസി സമൂഹത്തെ കൈയ്യിലെടുക്കാന്‍ വേണ്ടിയാണ് സര്‍ക്കാരിന്റെ ഈ നിലപാട് മാറ്റം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV