Dailyhunt
ശബരിമലയിലെ സുരക്ഷാ ലംഘനം: അടച്ചിട്ട നടയ്‌ക്ക് മുന്നില്‍ വീഡിയോ ചിത്രീകരിച്ച യൂട്യൂബര്‍ക്കെതിരെ കേസ്

ശബരിമലയിലെ സുരക്ഷാ ലംഘനം: അടച്ചിട്ട നടയ്‌ക്ക് മുന്നില്‍ വീഡിയോ ചിത്രീകരിച്ച യൂട്യൂബര്‍ക്കെതിരെ കേസ്

ത്തനംതിട്ട: ശബരിമല സന്നിധാനത്തെ അതീവ സുരക്ഷാ മേഖലയില്‍ അതിക്രമിച്ചു കയറി ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവിനെതിരെ പമ്പ പോലീസ് കേസെടുത്തു.

'നട അടച്ചതിനുശേഷമുള്ള ശബരിമലക്കാഴ്ച' എന്ന പേരില്‍ പത്ത് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ യൂട്യൂബില്‍ പങ്കുവെച്ച ചെങ്ങറ സ്വദേശിയായ ഓട്ടോ തൊഴിലാളിക്കെതിരെയാണ് നടപടി.

ഏപ്രില്‍ 19-നാണ് കേസിനാസ്പദമായ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്നാണ് പ്രാഥമിക വിവരം. ഏപ്രില്‍ 24-ന് യുവാവ് ഈ ദൃശ്യങ്ങള്‍ തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. ഭക്തര്‍ക്ക് പ്രവേശനമില്ലാത്ത സമയത്ത് വിജനമായ പതിനെട്ടാംപടിയും കൊടിമരവും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ യുവാവ് വീഡിയോ ചാനലില്‍ നിന്ന് നീക്കം ചെയ്തു.

ശബരിമല നട അടച്ചു കഴിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്കും അധികാരപ്പെട്ടവര്‍ക്കും അല്ലാതെ മറ്റാര്‍ക്കും സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ അനുവാദമില്ല. അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ഇവിടെ പോലീസിനെയും സെക്യൂരിറ്റി സംവിധാനങ്ങളെയും വെട്ടിച്ച്‌ യുവാവ് എങ്ങനെ എത്തിയെന്നത് സംബന്ധിച്ച്‌ ഇന്റലിജന്‍സ് വിഭാഗവും പോലീസും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

യുവാവിനെ ഉടന്‍ തന്നെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും പമ്പ പോലീസ് അറിയിച്ചു. പവിത്രമായ ആചാരങ്ങളെയും സുരക്ഷാ ക്രമീകരണങ്ങളെയും ലംഘിക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV