Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; വയനാട്ടില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം

ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; വയനാട്ടില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് അതിതീവ്ര മഴയ്‌ക്കുള്ള മുന്നറിയിപ്പ്. വയനാട്ടില്‍ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പശ്ചാത്തലത്തില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും നദീതീരങ്ങള്‍, മലയോര മേഖലകള്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

മണ്ണിടിച്ചിലില്‍ വലിയ ദുരന്തമുണ്ടായ വയനാട്ടില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. അതേസമയം, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്.

ഇന്ന് പല പ്രദേശങ്ങളിലും 12 സെന്റിമീറ്ററിലധികം മഴ ലഭിക്കാനാണ് സാധ്യത. വ്യാഴാഴ്ച 7 മുതല്‍ 12 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിന് ശേഷം മഴയുടെ തീവ്രത ക്രമേണ കുറയുമെന്നാണ് നിലവിലെ വിലയിരുത്തല്‍. നിലവില്‍ ഉത്തരകേരള ജില്ലകളിലാണ് ഏറ്റവും ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളത്.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍, മലയോര മേഖലയിലെ താമസക്കാര്‍, താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ എന്നിവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടങ്ങളുടെ മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും കൃത്യമായി പിന്തുടരണമെന്നും അധികൃതര്‍ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV