എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോണ്‍ ജോർജിന് വോട്ട് ചെയ്യാനായി മാത്രം ഓസ്ട്രേലിയയില്‍ നിന്നും യുവ ദമ്പതികള്‍ പാലയില്‍ എത്തി.
ഭരണിങ്ങാനം ചൂണ്ടച്ചേരി സ്വദേശികളായ അഖില്‍ കുമാറും ഭാര്യ ആര്യയുമാണ് വോട്ട് ചെയ്യാനായി നാട്ടില്‍ എത്തിയത്. ഇലക്‌ട്രിക്കല്‍ എഞ്ചിനീയറായ അഖില്‍ കുമാറും ആയുർവേദ ഡോക്ടാറായ ആര്യയും ഓസ്ട്രേലിയയിലെ ബ്രിസ്ബേയിലാണ് ജോലി ചെയ്യുന്നത്.
അഖില്‍ കുമാറിന്റെ വാക്കുകള്‍
'നമ്മുടെ നാട്ടിലെ സ്ഥാനാത്ഥികളുടെ പ്രചാരണ വീഡിയോ കണ്ടിരുന്നു. അതില്‍ നിന്നും വ്യത്യസ്തനായി തോന്നിയ ആളാണ് ഷോണ്‍ ജോർജ്. നമ്മളെ പോലെ വിദേശത്ത് ജോലി ചെയ്യുന്ന യുവാക്കളെ നാട്ടില്‍ തിരിച്ച് കൊണ്ടുവന്ന് ജോലി ഉറപ്പാക്കാൻ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനെ കുറിച്ച് അദ്ദേഹം സംസാരിക്കുകയുണ്ടായി. എന്നെ സംബന്ധിച്ച് വലിയ കാര്യമായി തോന്നി.
കാരണം നാടും വീടും വീട്ടുകാരെയും ഉപേക്ഷിച്ച് വിദേശത്ത് ജോലി ചെയ്യുന്നത് ഒരിക്കലും സന്തോഷമുള്ള കാര്യമല്ല. പിന്നെ പൈസയ്‌ക്ക് വേണ്ടി മാത്രമാണ് ജോലി ചെയ്യുന്നത്. ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗ് പഠിച്ചിട്ട് നാട്ടില്‍ കാര്യമായ ജോലി കിട്ടിയില്ല, സാലറി ആണെങ്കില്‍ തുച്ഛവും. അങ്ങനെ കടം വീട്ടാനായാണ് ഓസ്ട്രേലിയയില്‍ എത്തിയത്. അത്തരം ഒരു സാഹചര്യത്തിലാണ് ഷോണ്‍ ജോർജിനെ പോലുളളവരുടെ പ്രാധാന്യം മനസ്സിലാക്കാൻ സാധിക്കുന്നത്. നാട്ടില്‍ ജോലി ചെയ്ത് മാന്യമായി ജീവിക്കാൻ സാഹചര്യം ഒരുക്കുക എന്നത് വലിയ കാര്യമാണ്. ഷോണ്‍ ജോർജിനെ പോലുള്ള യുവാക്കള്‍ ഭരണം ഏറ്റെടുക്കണം. നമ്മുടെ നാടിന് മാറ്റം അനിവാര്യമാണ്. ഷോണ്‍ ജോർജിനെ വിജയിപ്പിക്കേണ്ടത് നമ്മുടെ കൂടി ഉത്തരവാദിത്തമാണ്', അഖില്‍ രാജും ഭാര്യയും പറഞ്ഞു.
കഴിഞ്ഞ ദിവസം പാലയില്‍ നിന്നും കാനഡിലേക്ക് പോയ യുവാക്കളുമായി ഷോണ്‍ ജോർജ് ഫോണില്‍ സംവദിച്ചിരുന്നു. അന്ന് യുവാക്കള്‍ ചൂണ്ടിക്കാട്ടിയ കാര്യം കേരളത്തിലെ തൊഴിലില്ലായ്മയാണ്. ഒപ്പം പ്രായമായ മാതാപിതാക്കളെ നാട്ടില്‍ ഒറ്റയ്‌ക്കാക്കി വിദേശത്ത് കുടിയേറേണ്ടി വരുന്ന ഗതികേടും ഇവർ വിവരിച്ചിരുന്നു. മാന്യമായ വരുമാനം ലഭിക്കുകയാണെങ്കില്‍ നാട്ടില്‍ വന്ന് ജീവിക്കാനാണ് തങ്ങള്‍ താല്‍പര്യപ്പെടുന്നതെന്നും ഇവർ പറഞ്ഞിരുന്നു. യുവാക്കള്‍ക്ക് തൊഴിലും മാന്യമായ വരുമാനവും ഉറപ്പാക്കാൻ എൻഡിഎ സർക്കാർ എന്നും പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഷോണ്‍ ജോർജ് വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള ഡബിള്‍ എഞ്ചിൻ സർക്കാരിന് മാത്രമേ ഇത് സാധ്യമാകൂ എന്നും യുവാക്കള്‍ക്കും ഉറച്ച ബോധ്യമുണ്ട്. ഇതാണ് അഖില്‍ രാജും ആര്യയും പറഞ്ഞുവെക്കുന്നതും…

