ന്യൂഡല്‍ഹി: സോനം വാങ്ചുക്കിനെ ഡല്‍ഹിയിലെ സഫ്ദർജംഗ് ആശുപത്രിയില്‍ നിന്ന് ഗുരുഗ്രാമിലെ മെഡാന്ത ആശുപത്രിയിലേക്ക് മാറ്റുന്നതില്‍ കേന്ദ്രസർക്കാരിന് എതിർപ്പില്ലെന്ന് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
എന്നാല്‍, ആശുപത്രി വിടാനുള്ള തീരുമാനം വാങ്ചുക്കിന്റെ ആഗ്രഹപ്രകാരമല്ല, ചികിത്സിക്കുന്ന ഡോക്ടർമാരുടെ മെഡിക്കല്‍ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.
സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആംഗ്മോ സമർപ്പിച്ച അപ്പീലിലാണ് ഡല്‍ഹി ഹൈക്കോടതി വാദം കേട്ടത്. സഫ്ദർജംഗില്‍ നിന്ന് മെഡാന്തയിലേക്ക് മാറ്റാൻ നിർദേശം നല്‍കാൻ വിസമ്മതിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീല്‍.
കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത, ആശുപത്രി മാറ്റത്തിന് എതിർപ്പില്ലെങ്കിലും രോഗിയുടെ ആരോഗ്യനില വിലയിരുത്തി ഡോക്ടർമാർ ഡിസ്ചാർജ് അനുവദിച്ച ശേഷമേ മാറ്റം നടത്താവൂ എന്ന് കോടതിയെ അറിയിച്ചു. ചികിത്സ സംബന്ധിച്ച എല്ലാ തീരുമാനങ്ങളും മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
വാങ്ചുക്കിന്റെ ആരോഗ്യനില പരിഗണിക്കാതെ ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകാൻ അദ്ദേഹത്തിന് ചുറ്റുമുള്ള ചിലർ ശ്രമിക്കുന്നതായി ആശങ്കയുണ്ടെന്നും സോളിസിറ്റർ ജനറല്‍ കോടതിയെ അറിയിച്ചു.
എല്ലാ കക്ഷികളുടെയും വാദം കേട്ട ഡല്‍ഹി ഹൈക്കോടതി വിഷയത്തില്‍ വിധി ഉച്ചയ്‌ക്ക് 2.30ന് പ്രസ്താവിക്കുമെന്ന് അറിയിച്ചു. ചികിത്സയിലുള്ള ഡോക്ടറായ ഡോ. ലംബയും വാദം കേള്‍ക്കുന്ന വേളയില്‍ കോടതിയില്‍ ഹാജരായിരുന്നു.
നീറ്റ് വിഷയവുമായി ബന്ധപ്പെട്ട നിരാഹാര സമരത്തിനിടെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് സോനം വാങ്ചുക്കിനെ സഫ്ദർജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം. ആരോഗ്യനില സ്ഥിരതയിലാണെങ്കിലും തുടർച്ചയായ നിരീക്ഷണം ആവശ്യമാണെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.

