കായംകുളം: കായംകുളം ആറാട്ടുപുഴയില്‍ കനകക്കുന്ന് സ്വദേശിനിയായ തങ്കമ്മ (80) എന്ന വയോധികയെ അതിക്രൂരമായി കൊലപ്പെടുത്തി കായലില്‍ കെട്ടിത്താഴ്‌ത്തി.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മത്സ്യത്തൊഴിലാളികളാണ് വിവസ്ത്രയാക്കപ്പെട്ട നിലയില്‍ വയോധികയുടെ മൃതദേഹം കായലില്‍ കണ്ടെത്തിയത്. കൈകാലുകള്‍ പരസ്പരം ബന്ധിച്ചും, മൃതദേഹം താഴ്ന്നു കിടക്കാൻ കഴുത്തില്‍ വലിയ കല്ല് കെട്ടിയ നിലയിലുമായിരുന്നു.
വീട്ടില്‍ തനിച്ചു താമസിച്ചിരുന്ന തങ്കമ്മയെ രണ്ട് ദിവസമായി കാണാനില്ലെന്ന് നാട്ടുകാരാണ് മകള്‍ ശ്യാമോളെ അറിയിച്ചത്. അതേതുടർന്ന് ശ്യാമോള്‍ തിങ്കളാഴ്ച പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ലഭിക്കുന്നത്. തങ്കമ്മ ധരിച്ചിരുന്ന സ്വർണ്ണവളകളും മോതിരവും പണവും നഷ്ടപ്പെട്ടതിനാല്‍ സ്വർണ്ണം കവരാൻ നടത്തിയ ആസൂത്രിത കൊലപാതകമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തങ്കമ്മയെ ജീവനോടെയാണ് കായലില്‍ കെട്ടിത്താഴ്‌ത്തിയത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. തലയ്‌ക്ക് പിന്നില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നെങ്കിലും, കായലിലെ വെള്ളം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് കണ്ടെത്തി. ഞായറാഴ്ച രാത്രിയിലെ അതിശക്തമായ മഴയത്താണ് കൊലപാതകം നടന്നതെന്നാണ് സൂചന. ആളൊഴിഞ്ഞ വീട്ടില്‍ നിന്നും പ്രധാന വഴി ഒഴിവാക്കി, വീടിന് പുറകിലുള്ള കായല്‍ വഴിയിലൂടെയാണ് ഒന്നില്‍ക്കൂടുതല്‍ വരുന്ന പ്രതികള്‍ വയോധികയെ കായലിലേക്ക് എത്തിച്ചത്.
ആഭ്യന്തര മന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ ഇത്രയും മൃഗീയമായ കൊലപാതകം നടന്നിട്ടും പ്രതികളെ കണ്ടെത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ചിലർ നിരീക്ഷണത്തിലുണ്ടെന്ന് പോലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും കൃത്യമായ തെളിവുകളൊന്നും ലഭിക്കാത്തത് നാട്ടുകാരില്‍ വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.

