തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണാതെ മാറിനില്‍ക്കുന്നു.
ഫലപ്രഖ്യാപനം പൂര്‍ത്തിയായ ശേഷം പതിവുള്ള വാര്‍ത്താസമ്മേളനം ഇത്തവണ ഉണ്ടായില്ല. തിരഞ്ഞെടുപ്പ് ഫലം പ്രതികൂലമായതോടെ നേരത്തെ നിശ്ചയിച്ചിരുന്ന എംഎല്‍എ ഓഫീസിലെ സന്ദര്‍ശനവും അദ്ദേഹം റദ്ദാക്കി.
സിപിഎമ്മിന്റെ ഉരുക്കുകോട്ടകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കണ്ണൂരിലെ പയ്യന്നൂര്‍, തളിപ്പറമ്പ് തുടങ്ങിയ മണ്ഡലങ്ങളിലേറ്റ തിരിച്ചടി പാര്‍ട്ടി നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് നേടിയ സീറ്റുകളുടെ എണ്ണം പോലും ഇത്തവണ തികയ്‌ക്കാന്‍ കഴിയാത്തത് ഇടതുമുന്നണിക്ക് വലിയ നാണക്കേടായി. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധര്‍മ്മടത്തുപോലും ഭരണവിരുദ്ധ വികാരം ശക്തമായിരുന്നുവെന്നാണ് വോട്ടിംഗ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വോട്ടെണ്ണലിന്റെ ആദ്യ ആറ് റൗണ്ടുകളിലും മുഖ്യമന്ത്രി പിന്നിലായിരുന്നു. ഏഴാം റൗണ്ടില്‍ മാത്രമാണ് അദ്ദേഹത്തിന് ലീഡ് തിരിച്ചുപിടിക്കാനായത്. കഴിഞ്ഞ തവണ 50,000-ത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിച്ച സ്ഥാനത്ത് ഇത്തവണ അത് 19,000 വോട്ടുകളിലേക്ക് ചുരുങ്ങി. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഉണ്ടായ വിള്ളല്‍ കേരളത്തിലുടനീളം പ്രതിഫലിച്ചതായാണ് വിലയിരുത്തല്‍. സിപിഎമ്മിന് ഉറച്ച വിജയപ്രതീക്ഷയുണ്ടായിരുന്ന പല മണ്ഡലങ്ങളിലും വോട്ടര്‍മാര്‍ ഇടതുമുന്നണിയെ കൈവിട്ടു. ഈ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ വലിയ തിരുത്തല്‍ നടപടികള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
നയപരമായ പാളിച്ചകളും ഭരണവിരുദ്ധ വികാരവുമാണ് ഇത്തരമൊരു തകര്‍ച്ചയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

