Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, തീരദേശത്ത് ഉയര്‍ന്ന തിരമാല മുന്നറിയിപ്പ്

വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, തീരദേശത്ത് ഉയര്‍ന്ന തിരമാല മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ സമുദ്രനിരപ്പില്‍ തീരദേശ ന്യൂനമര്‍ദപാത്തി നിലനില്‍ക്കുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന് പുറമെ, തെക്കന്‍ ജാര്‍ഖണ്ഡിനും വടക്കന്‍ ഒഡീഷയുടെ ഉള്‍പ്രദേശങ്ങള്‍ക്കും മുകളിലായി തീവ്ര ന്യൂനമര്‍ദവും രൂപപ്പെട്ടിട്ടുണ്ട്. ഈ ന്യൂനമര്‍ദം ജാര്‍ഖണ്ഡ്, വടക്കന്‍ ഛത്തീസ്ഗഢ്, കിഴക്കന്‍ മധ്യപ്രദേശ് എന്നിവിടങ്ങളിലൂടെ വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.

ഈ സാഹചര്യത്തില്‍ ജൂലൈ 10 വരെ കേരളത്തിലും മാഹിയിലും വ്യാപകമായി നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 8 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കും സാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ, ചിലയിടങ്ങളില്‍ പരമാവധി 60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല മുതല്‍ രാമനാട്ടുകര വരെ), കണ്ണൂര്‍കാസര്‍കോട് (വളപട്ടണം മുതല്‍ ന്യൂ മാഹി വരെയും കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയും) തീരങ്ങളില്‍ നാളെ രാത്രി 11.30 വരെ 2.9 മുതല്‍ 3.5 മീറ്റര്‍ വരെ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കേരളലക്ഷദ്വീപ് തീരങ്ങളില്‍ നാളെ വരെയും കര്‍ണാടക തീരത്ത് ജൂലൈ 10 വരെയും മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV