മലപ്പുറം: കുറ്റിപ്പുറം സ്വകാര്യ ബസ് അപകടത്തിന് പ്രധാന കാരണം അമിതവേഗതയാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്.
ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.
അപകടമുണ്ടായ സ്ഥലത്തിന് സമീപം രണ്ട് അപകടസാധ്യതയുള്ള വളവുകള്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടില്‍ പറയുന്നു. ബസ് അമിതവേഗത്തിലായിരുന്നതിനാല്‍ രണ്ടാമത്തെ വളവിലെത്തിയപ്പോള്‍ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
വളവുകളില്‍ അനുവദിച്ചിരിക്കുന്ന പരമാവധി വേഗപരിധി മണിക്കൂറില്‍ 50 കിലോമീറ്ററാണ്. എന്നാല്‍ അപകടസമയത്ത് ബസ് അതിന്റെ ഇരട്ടിയോളം വേഗത്തിലാണ് സഞ്ചരിച്ചിരുന്നതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. അമിതവേഗത്തെ തുടർന്ന് റോഡും ടയറും തമ്മിലുള്ള ഘർഷണം നഷ്ടപ്പെട്ടതും അപകടത്തിന് കാരണമായതായി റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് തൃശൂർ-കോഴിക്കോട് റൂട്ടില്‍ സർവീസ് നടത്തുന്ന 'ഡിഫെൻഡർ' സ്വകാര്യ ബസാണ് കുറ്റിപ്പുറത്ത് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു.
അപകടത്തില്‍ കോഴിക്കോട് പെരുവയല്‍ സ്വദേശി വൈഷ്ണവ് (31) മരിച്ചു. ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ 26 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.
അപകടത്തില്‍ ബസ് പൂർണമായും തകർന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവർക്കെതിരെ കുറ്റിപ്പുറം പൊലീസ് കേസെടുത്തിട്ടുണ്ട്.

