Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'വംശീയ അധിക്ഷേപ' സിഗ്‌നല്‍ കാട്ടിയ ഈജിപ്ത് പരിശീലകന് മഞ്ഞക്കാര്‍ഡ്; അര്‍ജന്റീന മത്സരത്തിലെ റഫറിയിങ് വീണ്ടും വിവാദത്തില്‍

'വംശീയ അധിക്ഷേപ' സിഗ്‌നല്‍ കാട്ടിയ ഈജിപ്ത് പരിശീലകന് മഞ്ഞക്കാര്‍ഡ്; അര്‍ജന്റീന മത്സരത്തിലെ റഫറിയിങ് വീണ്ടും വിവാദത്തില്‍

റ്റ്‌ലാന്റ: അര്‍ജന്റീനയ്‌ക്കെതിരായ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ വിവാദങ്ങള്‍ അവസാനിക്കാതെ തുടരുന്നു.

മത്സരത്തിനിടെ ഫിഫയുടെ വംശീയ അധിക്ഷേപ വിരുദ്ധ സിഗ്‌നല്‍ ഉപയോഗിച്ച ഈജിപ്ത് പരിശീലകന്‍ ഹൊസം ഹസന് റഫറി മഞ്ഞക്കാര്‍ഡ് കാണിച്ചത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. അതേസമയം, വിഎആര്‍ തീരുമാനവും റഫറിയിങ്ങും ഈജിപ്ത് ക്യാമ്പിന്റെ കടുത്ത പ്രതിഷേധത്തിന് കാരണമായി.

അറ്റ്‌ലാന്റ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ വികാരഭരിതമായ രംഗങ്ങളാണ് അരങ്ങേറിയത്. രണ്ട് ഗോളിന്റെ ലീഡ് നഷ്ടപ്പെടുത്തി അര്‍ജന്റീനയോട് തോറ്റതോടെ ഈജിപ്ത് താരങ്ങളും പരിശീലകസംഘവും റഫറിയുടെ തീരുമാനങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിച്ചു. ഇതിനിടെ ഫ്രഞ്ച് റഫറിയായ ഫ്രാന്‍സ്വാ ലെറ്റെക്‌സിയറിന് മുന്നില്‍ കൈകള്‍ 'എക്സ്' ആകൃതിയില്‍ കൂട്ടിക്കാട്ടിയാണ് ഹൊസം ഹസന്‍ ഫിഫയുടെ ആന്റി-റേസിസം സിഗ്‌നല്‍ നല്‍കിയത്.

വംശീയ അധിക്ഷേപമുണ്ടായാല്‍ മത്സരം നിയന്ത്രിക്കുന്ന റഫറിയെ അറിയിക്കാന്‍ ഫിഫ കൊണ്ടുവന്ന ഔദ്യോഗിക സിഗ്‌നലാണിത്. ഈ സിഗ്‌നല്‍ ലഭിച്ചാല്‍ മത്സരം താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കുന്നതടക്കമുള്ള മൂന്ന് ഘട്ട നടപടിക്രമങ്ങള്‍ ആരംഭിക്കാനാണ് ഫിഫയുടെ മാര്‍ഗനിര്‍ദേശം. എന്നാല്‍ റഫറി നടപടി സ്വീകരിക്കുന്നതിന് പകരം ഹൊസം ഹസന് മഞ്ഞക്കാര്‍ഡ് കാണിക്കുകയായിരുന്നു. ഇതിന് പിന്നിലെ കാരണം ഫിഫയോ മാച്ച്‌ ഒഫീഷ്യല്‍സോ പിന്നീട് വിശദീകരിച്ചിട്ടില്ല.

മത്സരത്തിലെ നിര്‍ണായക വഴിത്തിരിവ് വിഎആര്‍ ഇടപെടലിലൂടെയായിരുന്നു. മുഹമ്മദ് സലാഹിന്റെ നീക്കത്തില്‍ നിന്ന് മുസ്തഫ സിക്കോ നേടിയ രണ്ടാം ഗോള്‍ ആദ്യം അനുവദിച്ചെങ്കിലും, വിഎആര്‍ പരിശോധനയ്‌ക്ക് ശേഷം അര്‍ജന്റീനന്‍ താരം ലിസാന്‍ഡ്രോ മാര്‍ട്ടിനെസിനെതിരായ ഫൗള്‍ ചൂണ്ടിക്കാട്ടി ഗോള്‍ റദ്ദാക്കി. ഈ തീരുമാനമാണ് ഈജിപ്ത് ക്യാമ്പിന്റെ പ്രതിഷേധത്തിന് പ്രധാന കാരണം.

പിന്നീട് സിക്കോ വീണ്ടും ഗോള്‍ നേടിയെങ്കിലും അതോടെ അര്‍ജന്റീന തിരിച്ചടിച്ചു. ലയണല്‍ മെസിയുടെ സമനില ഗോളിനും എന്‍സോ ഫെര്‍ണാണ്ടസിന്റെ വിജയഗോളിനും പിന്നാലെ അര്‍ജന്റീന 3-2ന് ജയിച്ചാണ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. വിഎആര്‍ തീരുമാനം സമൂഹമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായി. ചില ആരാധകര്‍ അര്‍ജന്റീനയ്‌ക്ക് അനുകൂലമായ തീരുമാനമാണിതെന്ന് ആരോപിച്ചെങ്കിലും, മത്സരം കൃത്രിമമായി സ്വാധീനിച്ചെന്നതിന് യാതൊരു തെളിവുമില്ല.

ബിബിസി റേഡിയോ 5 ലൈവിനോട് പ്രതികരിച്ച ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ വിദഗ്ധന്‍ അഹമ്മദ് യൂസഫ് വിഎആര്‍ തീരുമാനങ്ങളിലെ സ്ഥിരതക്കുറവിനെ വിമര്‍ശിച്ചു. 'വിഎആര്‍ എത്ര ദൂരം പിന്നോട്ടുപോയി ഒരു ഫൗള്‍ പരിശോധിക്കണമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഈജിപ്തിന്റെ രണ്ടാം ഗോള്‍ റദ്ദാക്കിയ തീരുമാനം ശരിയായിരുന്നില്ല. അതുകൊണ്ടുതന്നെ ഈജിപ്ത് ടീമിന്റെ പ്രതിഷേധം മനസ്സിലാക്കാന്‍ കഴിയും,' അദ്ദേഹം പറഞ്ഞു. ഈ വിജയത്തോടെ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ നേരിടും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV