കല്‍പ്പറ്റ/കണ്ണൂര്‍: സംസ്ഥാനത്ത് പാമ്പുശല്യം അതീവ ഗുരുതരമാകുന്നു. വയനാട്ടിലും കണ്ണൂരിലും പാമ്പുകടിയേറ്റ് രണ്ട് പേര്‍ കൂടി മരണപ്പെട്ടു.
വയനാട്ടില്‍ യുവാവിന്റെ മരണകാരണം പാമ്പുകടിയാണെന്ന് വ്യക്തമായത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെയാണ്.
മാനന്തവാടി തൊണ്ടനാട് പുതുശ്ശേരി സ്വദേശി സുനില്‍ (32) ആണ് വയനാട്ടില്‍ മരണപ്പെട്ടത്. ഇന്നലെ ഉച്ചയോടെ സുനിലിനെ വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. മൃതദേഹം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് നടത്തിയ വിശദമായ പോസ്റ്റ്മോര്‍ട്ടത്തിലാണ് യുവാവിന്റെ മരണകാരണം പാമ്പുകടിയാണെന്ന് സ്ഥിരീകരിച്ചത്.
കണ്ണൂര്‍ പട്ടുവം സ്വദേശിനി നാരായണി (70) പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് അന്തരിച്ചത്. ഏപ്രില്‍ 24-ന് വീട്ടുപറമ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് നാരായണിക്ക് പാമ്പുകടിയേറ്റത്. അതീവ വിഷമുള്ള ശംഖുവരയന്‍ ആണ് കടിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി വിദഗ്ധ ചികിത്സയിലായിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പട്ടുവം മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമാനമായ മറ്റൊരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വേനല്‍ച്ചൂട് കടുക്കുന്നതിനൊപ്പം പാമ്പുകള്‍ ജനവാസ മേഖലകളിലേക്ക് വ്യാപകമായി ഇറങ്ങുന്നത് വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. വീടിനകത്തും പരിസരങ്ങളിലും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പും വനം വകുപ്പും മുന്നറിയിപ്പ് നല്‍കി.

