തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വീണയ്‌ക്ക് സിഎംആർഎല്‍ പ്രതിമാസം നല്‍കിയത് എട്ട് ലക്ഷം രൂപ. അഞ്ച് ലക്ഷം വീണയുടെ അക്കൗണ്ടിലേക്കും മൂന്ന് ലക്ഷം വീണയുടെ കമ്പനിയായ എക്സാലോജിക്കിന്റെ അക്കൗണ്ടിലുമാണ് നല്‍കിയിരുന്നത്.
ഒരു വർഷം 96 ലക്ഷമാണ് വീണ കരിമണല്‍ കമ്പനിയില്‍ നിന്നും കൈപ്പറ്റിയത്. ആകെ 2.78 കോടിയാണ് വീണയുടെ കയ്യിലെത്തിയത്. കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട പരിസ്ഥിതി വകുപ്പും മലീനീകരണ നിയന്ത്രണ വകുപ്പും പിണറായി വിജയന്റെ കീഴിലാണ്. അഴിമതിയുടെ കറുത്ത അദ്ധ്യായം ഇവിടെയാണ് ആരംഭിക്കുന്നത്
പിണറായി മുഖ്യമന്ത്രിയായതിന് പിന്നാലെ 2017 ജനുവരി മുതല്‍ 2020 ജൂണ്‍ വരെയാണ് പണം നല്‍കല്‍. 2019ല്‍ സിഎംആർഎല്ലില്‍ ആദായ വകുപ്പ് നടത്തിയ പരിശോധനയിലാണ് 1.72 കോടി വീണയ്‌ക്ക് നല്‍കിയെന്നാണ് കണ്ടെത്തിയത്. എന്നാല്‍ ഈ റെയ്ഡിന് ശേഷവും കരിമണല്‍ കമ്പനിയില്‍ നിന്നും വീണയുടെ അക്കൗണ്ടിലേക്ക് പണം ഒഴുകിയെന്ന് സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ്( എസ്‌എഫ്‌ഐഒ) കണ്ടെത്തിയിരുന്നു.
സിഎംആർഎല്‍ മാത്രമാണ് എക്സാലോജിക്കിന്റെ പ്രധാന വരുമാന മാർഗവും പ്രധാന ക്ലയ്ൻറ്. എക്സാലോജിക്കിന്റെ സ്ഥാപിച്ചത് പോലും ഇത്തരം ഇടപാടിനായാണോ എന്ന സംശയവും ശക്തമാണ്. എക്സാലോജിക്കുമായുള്ള ഇടപാട് അവസാനിച്ച ശേഷം കരിമണല്‍ കമ്പനി ഐടി സ്ഥാപനമായ എടിഎൻഎ ടെക്നോളജീസുമായി കരാറുണ്ടാക്കിയിരുന്നു. ശരിക്കും ഐടി സേവനം നല്‍കിയ ഈ സ്ഥാപനത്തിന് വെറും 27 ലക്ഷത്തോളം മാത്രമാണ് സിഎംഎആർഎല്‍ നല്‍കിയത്.
എക്സാലോജിക്കിന്റെ ഐടി ഡവലപ്പർമാർക്ക് പോലും സിഎംഎആർഎലിന് എന്ത് സേവനമാണ് വീണ നല്‍കിയതെന്ന് അറിയില്ല എസ്‌എഫ്‌ഐഒയുടെ മുന്നില്‍ സേവനം നല്‍കിയത് സംബന്ധിച്ച യാതൊരു രേഖയും ഹാജരാക്കാനും വീണയ്‌ക്ക് ഇതുവരെ സാധിച്ചിട്ടില്ല. സിഎംഎആർഎല്‍ എംഡി ശശിധരൻ കർത്തയുമായി നേരിട്ടായിരുന്നു കരാർ എന്ന് പറയുമ്പോഴും ഇതുമായി ബന്ധപ്പെട്ട രേഖകളും സന്ദേശങ്ങളും വീണയക്ക് ഹാജരാക്കാനായിട്ടില്ല.
പണം കൈമാറുന്നതുമായി ബന്ധപ്പെട്ട് മാത്രമാണ് ഇരു കമ്പനികളും തമ്മില്‍ ആകെയുണ്ടായ ആശയവിനിമയം. ഇതിന് പുറമേ 2015-16 ല്‍ ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള എംപവർ ക്യാപിറ്റല്‍ ഇന്ത്യ ഇൻവസ്റ്റമെന്റ് എന്ന സ്ഥാപനം വീണയ്‌ക്ക് 50 ലക്ഷം വായ്പയും നല്‍കിയിട്ടുണ്ട്. ഇതില്‍ ആകെ നാല് ലക്ഷം മാത്രമാണ് വീണ തിരിച്ചടച്ചത്.
ഇതെല്ലാം പരിശോധിച്ചാണ് എസ്‌എഫ്‌ഐഒ കമ്പനീസ് ആക്ടിലെ 447 വകുപ്പ് ചുമത്തിയത്. ഇതില്‍ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് നടത്തിയ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കമ്പനി നിയമങ്ങള്‍ ലംഘിച്ച്, യാതൊരു സേവനവും നല്‍കാതെയാണ് വീണ പണം വാങ്ങിയതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

