Dailyhunt
വേളാങ്കണ്ണി പള്ളിയില്‍ ശുശ്രൂഷകള്‍ തടസ്സപ്പെടുത്തി വിജയ് ഫാൻസിന്റെ മുദ്രാവാക്യം വിളി ; വിശ്വാസികളെ ശല്യപ്പെടുത്തരുതെന്നാവശ്യപ്പെട്ട് പള്ളി അധികൃതര്‍: പ്രദേശത്ത് തമ്പടിച്ചത് പതിനായിരങ്ങള്‍

വേളാങ്കണ്ണി പള്ളിയില്‍ ശുശ്രൂഷകള്‍ തടസ്സപ്പെടുത്തി വിജയ് ഫാൻസിന്റെ മുദ്രാവാക്യം വിളി ; വിശ്വാസികളെ ശല്യപ്പെടുത്തരുതെന്നാവശ്യപ്പെട്ട് പള്ളി അധികൃതര്‍: പ്രദേശത്ത് തമ്പടിച്ചത് പതിനായിരങ്ങള്‍

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും പ്രമുഖ സിനിമ താരവുമായ വിജയ് യെ കാണാൻ തടിച്ചു കൂടിയ ആരാധകരുടെ മുദ്രാവാക്യം വിളികളില്‍ വേളാങ്കണ്ണി സെന്റ് മേരീസ് ബസിലിക്കയില്‍ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായി വിജയ് വിവിധ മതാരാധനാലയങ്ങളില്‍ സന്ദർശനം നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി അദ്ദേഹം വേളാങ്കണ്ണി ബസിലിക്കയില്‍ നടക്കുന്ന പ്രത്യേക പ്രാർത്ഥനയില്‍ പങ്കെടുക്കുമെന്ന അഭ്യൂഹങ്ങളെ തുടർന്നാണ് വെള്ളിയാഴ്ച രാത്രിയോടെ പ്രദേശത്ത് ആയിരങ്ങള്‍ ഒഴുകിയെത്തിയത്. വിജയ്‍യെ കാണാനെത്തിയവരുടെ മുദ്രാവാക്യം വിളികള്‍ ആരാധനനക്ക് തടസ്സമായപ്പോള്‍ വിശ്വാസികളെ ശല്യപ്പെടുത്തരുതെന്ന് പള്ളി അധികൃതർ ആവശ്യപ്പെട്ടു.

വിജയ് വേളാങ്കണ്ണി പള്ളിയും നാഗപട്ടണത്തെ നാഗൂർ ദർഗയും സന്ദർശിക്കുമെന്നാണ് അഭ്യൂഹങ്ങളുയർന്നത്. വിവരത്തെ തുടർന്ന് പ്രദേശത്ത് ഇന്നലെ രാത്രിയോടെ ആയിരങ്ങള്‍ തടിച്ചുകൂടി. ടി വി കെ യ്‌ക്കും വിജയ്‌ക്കും അനുകൂലമായി ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് വൻജനാവലി പ്രദേശത്ത് തമ്പടിച്ചത്. നിശബ്ദത പാലിക്കണമെന്നും സ്ഥലത്ത് ആള്‍ക്കൂട്ടം ഒഴിവാകണമെന്നും വേളാങ്കണ്ണിപള്ളി അധികൃതർ തുടർച്ചയായി ജനങ്ങളോട് അഭ്യർത്ഥിച്ചു. എന്നാല്‍ വിജയ് എത്തിയില്ല . അവസാനനിമിഷം യാത്ര റദ്ദാക്കി എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിലും ഷിർദ്ദി സായി ബാബ ക്ഷേത്രത്തിലും വിജയ് സന്ദർശനം നടത്തിയിരുന്നു. ചെന്നൈയില്‍ നിന്ന് സ്വകാര്യ വിമാനത്തിലെത്തിയാണ് വിജയ് സന്ദർശനം നടത്തിയത്. ടിവികെ രൂപീകരിച്ചതിനു ശേഷം ആദ്യമായാണ് വിജയ് തിരുച്ചെന്തൂർ ക്ഷേത്രത്തിലെത്തുന്നത്. ക്ഷേത്ര അധികാരികള്‍ അദ്ദേഹത്തെ ഷാളും വേലും പൂർണകുംഭവും നല്‍കിയാണ് ആദരിച്ചത്.

താരത്തിന്റെ സന്ദർശന വിവരമറിഞ്ഞ് വൻ ജനാവലിയാണ് അവിടെയും തടിച്ചുകൂടിയത്. അടുത്തിടെ തിരുച്ചിറപ്പള്ളിയിലെത്തിയപ്പോള്‍ സെയ്ന്റ് ആന്റണീസ് പള്ളിയും നൂറുല്‍ ഹുദ പള്ളിയും അദ്ദേഹം സന്ദർശിച്ചിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV