തൃശ്ശൂര്‍: കിണറ്റില്‍ നിന്നും സംശയാസ്പദമായ രീതിയില്‍ അസ്ഥികഷ്ണങ്ങളും സ്ത്രീയുടെ വസ്ത്രവും കണ്ടെത്തി. തൃശ്ശൂര്‍ അരിമ്പൂരിലെ ഒരു വീട്ടിലാണ് സംഭവം.
അരിമ്പൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ വാടകയ്‌ക്ക് താമസിക്കുന്ന ബാലനാണ് കിണറ്റില്‍ നിന്ന് അസ്ഥികള്‍ കണ്ടെത്തിയത്. കിണറ്റില്‍ വെള്ളം കുറവായതിനാല്‍ വെളളം കോരാന്‍ നോക്കിയപ്പോഴാണ് ഒരു പ്ലാസ്റ്റിക് ചാക്ക് കല്ലുകെട്ടി താഴ്‌ത്തിയ നിലയില്‍ ബാലന്‍ കാണുന്നത്.
ആറ് എല്ലിന്‍ കഷ്ണങ്ങളും, ഒരു സ്ത്രീയുടെ അടിവസ്ത്രവുമാണ് പ്ലാസ്റ്റിക് ചാക്കിനുള്ളില്‍ ഉണ്ടായിരുന്നത്. പോലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ ആരംഭിച്ചു. അസ്ഥികള്‍ മനുഷ്യന്റേതാണോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ലെന്നാണ് പോലീസ് അറിയിച്ചത്. ഫോറന്‍സിക് പരിശോധനയ്‌ക്ക് ശേഷം മാത്രമെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ സാധിക്കൂവെന്ന് പോലീസ് അറിയിച്ചു.
നിലവില്‍ ഇതൊരു വാടകവീടായതിനാല്‍, മുന്‍പ് ഇവിടെ താമസിച്ചവരെ കേന്ദ്രീകരിച്ചും പരിസരവാസികളില്‍ ആരെങ്കിലും അടുത്തിടെ കാണാതായിട്ടുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു.

