Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വെനസ്വേലയുടെ എണ്ണയില്‍ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

വെനസ്വേലയുടെ എണ്ണയില്‍ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ആഗോള എണ്ണവിപണിയില്‍ നിർണായക നീക്കവുമായി അമേരിക്ക. വെനസ്വേലയുമായി ലോകചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ഇടപാടില്‍ ഒപ്പിടാൻ ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.

കരാർ യാഥാർഥ്യമായാല്‍ വെനസ്വേലയുടെ 65 ബില്യണ്‍ ബാരലിലധികം വരുന്ന ക്രൂഡ് ഓയില്‍ ശേഖരത്തിന്റെ ഭൂരിഭാഗവും അമേരിക്കൻ നിയന്ത്രണത്തിലാകുമെന്നാണ് ട്രംപിന്റെ അവകാശവാദം.

സാമൂഹിക മാധ്യമത്തിലൂടെയാണ് ട്രംപ് കരാർ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 'ലോകചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ഇടപാടില്‍ വെനസ്വേലയുമായി അമേരിക്ക ഒരു കരാറില്‍ ഏർപ്പെട്ടിരിക്കുകയാണ്' എന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് എന്നിവർ ചേർന്നാണ് കരാർ സംബന്ധിച്ച ചർച്ചകള്‍ നടത്തി ധാരണയിലെത്തിയതെന്നും ട്രംപ് വ്യക്തമാക്കി.

കരാറിലൂടെ അമേരിക്കയുടെ എണ്ണശേഖരം ഇരട്ടിയിലധികമായി ഉയരുമെന്നാണ് ട്രംപ് പറയുന്നത്. ഇതിന്റെ ഫലമായി രാജ്യത്തെ ഇന്ധനവില കുത്തനെ കുറയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. വെനസ്വേലയുടെ സാമ്പത്തിക മേഖലയ്‌ക്കും കരാർ വലിയ ഉണർവേകുമെന്നും ട്രംപ് പറഞ്ഞു.

കഴിഞ്ഞ ജനുവരിയില്‍ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടി അമേരിക്കയിലെത്തിച്ചതിന് പിന്നാലെ വെനസ്വേലൻ എണ്ണ വ്യവസായത്തിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എണ്ണ മേഖലയില്‍ ഔദ്യോഗിക നിയന്ത്രണം ഉറപ്പാക്കുന്ന തരത്തിലുള്ള കരാറിന് ധാരണയായതെന്നാണ് റിപ്പോർട്ട്.

വെനസ്വേല ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരങ്ങളുള്ള രാജ്യങ്ങളിലൊന്നാണ്. യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ കണക്കനുസരിച്ച്‌ രാജ്യത്തിന്റെ ഭൂഗർഭത്തില്‍ ഏകദേശം 303 ബില്യണ്‍ ബാരല്‍ അസംസ്കൃത എണ്ണശേഖരമുണ്ട്. ലോകത്തെ ആകെ എണ്ണശേഖരത്തിന്റെ ഏകദേശം 17 ശതമാനത്തോളം വരുന്നതാണ് ഇത്.

അതിനാല്‍ തന്നെ വെനസ്വേലൻ എണ്ണമേഖലയില്‍ അമേരിക്കയ്‌ക്ക് കൂടുതല്‍ നിയന്ത്രണം ലഭിക്കുന്നത് ആഗോള ഊർജരാഷ്‌ട്രീയത്തിലും എണ്ണവിപണിയിലും വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെച്ചേക്കും. കരാറിന്റെ സാമ്പത്തിക മൂല്യം, നിക്ഷേപ ഘടന, എണ്ണ ഉല്‍പ്പാദനത്തിലെ അമേരിക്കൻ പങ്കാളിത്തം തുടങ്ങിയ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV