Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിരമിച്ച ഉടന്‍ വമ്പന്‍ ഓഫര്‍; 3.3 കോടിക്ക് ബെന്‍ സ്റ്റോക്സിനെ ബിഗ് ബാഷിലേക്ക് എത്തിക്കാന്‍ നീക്കം

വിരമിച്ച ഉടന്‍ വമ്പന്‍ ഓഫര്‍; 3.3 കോടിക്ക് ബെന്‍ സ്റ്റോക്സിനെ ബിഗ് ബാഷിലേക്ക് എത്തിക്കാന്‍ നീക്കം

സിഡ്‌നി: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇംഗ്ലണ്ടിന്റെ ഇതിഹാസ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെ റെക്കോര്‍ഡ് പ്രതിഫലത്തില്‍ ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ലീഗിലേക്ക് എത്തിക്കാന്‍ ഫ്രാഞ്ചൈസികളുടെ നീക്കം.

6,00,000 ഓസ്ട്രേലിയന്‍ ഡോളര്‍ (ഏകദേശം 3.3 കോടിയിലധികം ഇന്ത്യന്‍ രൂപ) പ്രതിഫലമാണ് സ്റ്റോക്സിന് വാഗ്ദാനം ചെയ്യാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങിയതോടെ ലോകമെമ്പാടുമുള്ള ഫ്രാഞ്ചൈസി ടി20 ലീഗുകളില്‍ കളിക്കാന്‍ സ്റ്റോക്സിന് അവസരം ലഭിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി ബിഗ് ബാഷ് ലീഗിലെ ഏറ്റവും ഉയര്‍ന്ന വിദേശ താര കരാറുകളിലൊന്നുമായി സ്റ്റോക്സിനെ ലീഗിലേക്ക് എത്തിക്കാനാണ് സംഘാടകരുടെ ശ്രമം. നേരത്തെ മെല്‍ബണ്‍ റെനഗേഡ്സിനായി ബിഗ് ബാഷില്‍ കളിച്ചിട്ടുള്ള സ്റ്റോക്സിന്റെ തിരിച്ചുവരവ് ലീഗിന്റെ ജനപ്രീതിയും കാഴ്ചക്കാരുടെ എണ്ണവും വര്‍ധിപ്പിക്കുമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പ്രതീക്ഷ. വരാനിരിക്കുന്ന ബിബിഎല്‍ ഡ്രാഫ്റ്റില്‍ താരം പേര് രജിസ്റ്റര്‍ ചെയ്യുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകനും ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളുമായ സ്റ്റോക്സ് അടുത്തിടെയാണ് എല്ലാ ഫോര്‍മാറ്റുകളിലെയും അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. തുടര്‍ച്ചയായ മത്സരഭാരവും പരിക്കുകളും പരിഗണിച്ചാണ് ഈ തീരുമാനമെന്ന് താരം വ്യക്തമാക്കിയിരുന്നു. 2014-15 സീസണിലാണ് സ്റ്റോക്സ് അവസാനമായി ബിഗ് ബാഷില്‍ കളിച്ചത്. മെല്‍ബണ്‍ റെനഗേഡ്സിനായി അന്ന് ശ്രദ്ധേയ പ്രകടനം നടത്തിയെങ്കിലും പിന്നീട് ഇംഗ്ലണ്ട് ടീമിലെ സ്ഥിരസാന്നിധ്യമായതും വാര്‍ഷിക കരാറുകളും തിരക്കേറിയ അന്താരാഷ്‌ട്ര കലണ്ടറും കാരണം ബിബിഎല്ലിലേക്ക് തിരിച്ചെത്താന്‍ സാധിച്ചിരുന്നില്ല.

ഐപിഎല്‍, എസ്.എ20, ഐ.എല്‍.ടി20 തുടങ്ങിയ പുതിയ ഫ്രാഞ്ചൈസി ലീഗുകളുടെ വളര്‍ച്ചയോടെ നിരവധി പ്രമുഖ താരങ്ങള്‍ ബിഗ് ബാഷില്‍ നിന്ന് അകന്നിരുന്നു. ഈ സാഹചര്യത്തില്‍ സ്റ്റോക്സിനെപ്പോലൊരു ലോകോത്തര താരത്തിന്റെ തിരിച്ചുവരവ് ബിഗ് ബാഷിന് വലിയ കരുത്താകുമെന്നാണ് വിലയിരുത്തല്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV