Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'വ്യത്യസ്തമായ കളി, വ്യത്യസ്തമായ നിയമങ്ങള്‍'; ജയസൂര്യ-വിനായകൻ കൂട്ടുകെട്ടിലെ 'ടൈറ്റാൻസ്' ഒക്ടോബര്‍ ഒന്നിന്, സെക്കൻഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്

'വ്യത്യസ്തമായ കളി, വ്യത്യസ്തമായ നിയമങ്ങള്‍'; ജയസൂര്യ-വിനായകൻ കൂട്ടുകെട്ടിലെ 'ടൈറ്റാൻസ്' ഒക്ടോബര്‍ ഒന്നിന്, സെക്കൻഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കൊച്ചി: 'വ്യത്യസ്തമായ കളി, വ്യത്യസ്തമായ നിയമങ്ങള്‍' എന്ന ടാഗ് ലൈനോടെ പ്രേക്ഷകരില്‍ കൗതുകമുണർത്തി 'ടൈറ്റാൻസ്' ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്.

റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ ഒന്നിന് തിയറ്ററുകളിലെത്തും.

ജയസൂര്യയുടെയും വിനായകന്റെയും വ്യത്യസ്ത ലുക്കുകളാണ് പോസ്റ്ററിന്റെ മുകള്‍ഭാഗത്ത് ശ്രദ്ധ നേടുന്നത്. തൊട്ടുതാഴെ ഇന്ദ്രൻസും നിഹാലും. എന്നാല്‍ പോസ്റ്ററിലെ ഏറ്റവും കൗതുകമുണർത്തുന്ന കാഴ്ച നടുവിലുണ്ട്. ഗൗണ്‍ ധരിച്ച്‌ വലിയ ഗണ്ണുമായി നില്‍ക്കുന്ന പ്രശസ്ത റാപ്പ് സിംഗർ ബേബി ജീൻ ആണ് ശ്രദ്ധാകേന്ദ്രം. അല്‍പ്പം അകലെ തോക്കുകള്‍ ഉന്നംപിടിച്ച്‌ നില്‍ക്കുന്ന ഏതാനും ചെറുപ്പക്കാരെയും പോസ്റ്ററില്‍ കാണാം.

വ്യത്യസ്തമായ ഈ ദൃശ്യാവിഷ്കാരത്തിലൂടെ ചിത്രം കൈകാര്യം ചെയ്യുന്ന പ്രമേയത്തെക്കുറിച്ച്‌ നിരവധി ചോദ്യങ്ങളാണ് പോസ്റ്റർ ഉയർത്തുന്നത്. പൂർണമായും ഫാന്റസി ഹ്യൂമർ ജോണറിലാണ് 'ടൈറ്റാൻസ്' ഒരുക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

'അനുഗ്രഹീതൻ ആന്റണി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ പ്രിൻസ് ജോയ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും 'ടൈറ്റാൻസി'നുണ്ട്. വ്യത്യസ്തമായ അഭിനയശൈലിയിലൂടെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധ നേടിയ ജയസൂര്യയും വിനായകനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. വലിയ മുതല്‍മുടക്കില്‍ വ്യത്യസ്തമായ ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം.

നേരമ്പോക്കിന്റെ ബാനറില്‍ മിഥുൻ മാനുവല്‍ തോമസ്, ഇർഷാദ് എം. ഹസ്സൻ, പ്രദീപ് സി.എസ്. എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജെയിംസ് സെബാസ്റ്റ്യനാണ് തിരക്കഥ.

ഷാൻ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. വിഷ്ണുശർമ്മ ഛായാഗ്രഹണം നിർവഹിക്കുമ്പോള്‍ ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. അരുണ്‍ വെഞ്ഞാറമൂടാണ് പ്രൊഡക്ഷൻ ഡിസൈനർ. മഹേഷ് പിറവം കലാസംവിധാനവും നിർവഹിക്കുന്നു.

രജീഷ് വേലായുധനും ബേസില്‍ വർഗീസ് ജോസും ചീഫ് അസോസിയേറ്റ് ഡയറക്ടർമാരാണ്. ആക്ഷൻ കൊറിയോഗ്രഫി ഫീനിക്സ് പ്രഭു. യെല്ലോ ട്രൂത്താണ് ഡിസൈൻ. സുഹൈബ് എസ്.ബി.കെ. സ്റ്റില്‍സ് ഒരുക്കുന്നു.

സുനില്‍ സിംഗ്, സജിത് പി.വൈ. എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. നജീർ നസീം പ്രൊഡക്ഷൻ മാനേജരും രാജേഷ് സുന്ദരം പ്രൊഡക്ഷൻ എക്സിക്യൂട്ടീവും പ്രശാന്ത് നാരായണൻ പ്രൊഡക്ഷൻ കണ്‍ട്രോളറുമാണ്.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുകയാണ്. റിലീസ് തീയതി പ്രഖ്യാപിച്ചതോടെ ജയസൂര്യ-വിനായകൻ കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമായ 'ടൈറ്റാൻസി'നുള്ള കാത്തിരിപ്പും ശക്തമായിരിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV