Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'യാത്ര സൗജന്യമല്ല, അവകാശം'; സി.പി. ജോണിന്റെ വിവാദ പരാമര്‍ശം തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരൻ, 'ചികിത്സയും യാത്രയും ജനങ്ങളുടെ അവകാശം

'യാത്ര സൗജന്യമല്ല, അവകാശം'; സി.പി. ജോണിന്റെ വിവാദ പരാമര്‍ശം തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരൻ, 'ചികിത്സയും യാത്രയും ജനങ്ങളുടെ അവകാശം

തിരുവനന്തപുരം: പ്രിയദർശിനി ബസിലെ സ്ത്രീകളുടെ യാത്രയെ കുറിച്ചുള്ള ഗതാഗതമന്ത്രി സി.പി. ജോണിന്റെ വിവാദ പരാമർശത്തില്‍ മന്ത്രിസഭയ്‌ക്കുള്ളില്‍ തന്നെ ഭിന്നാഭിപ്രായം.

ബസിലെ യാത്ര സർക്കാർ നല്‍കിയ അവകാശമാണെന്നും അത് സൗജന്യമായി കാണേണ്ടതില്ലെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.

സർക്കാർ ആശുപത്രികളില്‍ രോഗികളെ വരാന്തയില്‍ കിടത്തി ചികിത്സിക്കുന്ന സാഹചര്യം ഒഴിവാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്നും മന്ത്രി പറഞ്ഞു. ചികിത്സ ജനങ്ങളുടെ അവകാശമാണെന്നും അത് സൗജന്യ സേവനമെന്ന നിലയില്‍ കാണാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ചികിത്സ അവരുടെ അവകാശമാണ്, സൗജന്യമല്ല. വരാന്തയില്‍ കിടക്കുന്ന സാഹചര്യം ഞങ്ങള്‍ ഒഴിവാക്കി കൊണ്ടിരിക്കുകയാണ്. രണ്ട് മെഡിക്കല്‍ കോളേജുകളില്‍ പൂർണമായും നിലത്ത് കിടത്തി ചികിത്സിക്കുന്നത് അവസാനിപ്പിച്ചു. അടുത്ത ഘട്ടം തൃശൂരിലാണ്,' കെ. മുരളീധരൻ പറഞ്ഞു.

കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു ഗതാഗതമന്ത്രി സി.പി. ജോണ്‍ വിവാദ പരാമർശം നടത്തിയത്. പൈസയില്ലാത്ത സ്ത്രീകള്‍ കെഎസ്‌ആർടിസി ബസില്‍ തള്ളിക്കയറുമ്പോഴും കുട്ടികളെ ഫീസ് നല്‍കി സ്വകാര്യ സ്കൂളുകളില്‍ പഠിപ്പിക്കുന്നുവെന്നും, സർക്കാർ സ്കൂളുകളില്‍ സീറ്റ് ഒഴിവുണ്ടായിട്ടും ആളുകള്‍ സ്വകാര്യ സ്കൂളുകളെയാണ് തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

കൂടാതെ, 'ഇതേ സ്ത്രീ അച്ഛനെയും ഭർത്താവിനെയും സർക്കാർ ആശുപത്രിയുടെ വരാന്തയില്‍ കിടത്തുന്നു. സ്വകാര്യ ആശുപത്രിയില്‍ പോകാൻ പണമില്ല, എന്നാല്‍ ബസ് വന്നാല്‍ കാശ് കുറഞ്ഞ ട്രാൻസ്‌പോർട്ട് ബസില്‍ തള്ളിക്കയറും. പ്രിയദർശിനി ബസില്‍ തിരക്ക് കൂടുന്നത് സ്വകാര്യ ബസിനോടുള്ള വിരോധമോ എന്നോടുള്ള സ്‌നേഹമോ കൊണ്ടല്ല, കുടുംബിനികള്‍ക്ക് കയ്യില്‍ പണമില്ലാത്തത് കൊണ്ടാണ്. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം എന്നെ അതിശയിപ്പിക്കുന്നു,' എന്നുമാണ് മന്ത്രി പറഞ്ഞത്.

ഇതോടൊപ്പം, സ്ത്രീകള്‍ ദാരിദ്ര്യം അഭിനയിക്കുകയാണെന്നും, പണമുള്ളവരും പാവപ്പെട്ടവരായി നടിക്കുകയാണെന്നും മന്ത്രി നടത്തിയ പരാമർശങ്ങളും വ്യാപക വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

സി.പി. ജോണിന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാക്കളും വിവിധ രാഷ്‌ട്രീയ നേതാക്കളും ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ മന്ത്രിസഭയിലെ തന്നെ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ പരാമർശം തള്ളിയതോടെ വിവാദം കൂടുതല്‍ ശക്തമായിരിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV