സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപ തെരഞ്ഞെടുപ്പിനായി തയ്യാറാക്കുന്ന വോട്ടർ പട്ടികയില്‍ പേര് ചേർക്കാൻ നാളെ കൂടി അവസരമുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
2026 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ് തികഞ്ഞവർക്ക് പട്ടികയില്‍ പേര് ചേർക്കാം. അതിന് ഓണ്‍ലൈനായി www. sec. kerala. gov. in വെബ്സൈറ്റില്‍ അപേക്ഷിക്കാം. അന്തിമ വോട്ടർ പട്ടിക ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിക്കും.
ജൂലൈ 21ന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ ആകെ 3,06,947 വോട്ടർമാരാണുള്ളത്. ഇതില്‍ 1,57,616 സ്ത്രീകളും 1,49,327 പുരുഷന്മാരും നാല് ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. 38 വാർഡുകള്‍ക്കായി 385 പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കും. കരട് പട്ടിക അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും താലൂക്ക് വില്ലേജ് ഓഫീസുകളിലും കമ്മിഷൻ വെബ്സൈറ്റിലും പരിശോധിക്കാം. കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ രണ്ട് കോർപറേഷൻ വാർഡുകള്‍ (എറണാകുളം, കോഴിക്കോട്) മൂന്ന് മുനിസിപ്പാലിറ്റി വാർഡുകള്‍ (തൃശൂർ, പാലക്കാട്, കണ്ണൂർ), മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകള്‍ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാർഡുകള്‍ എന്നിവയിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.

